ആകാശവാതിലുകൾ അടയുന്നു ടിക്കറ്റ് നിരക്ക് ഒരു ലക്ഷം വരെ!! പ്രവാസികൾ നെട്ടോട്ടത്തിൽ.
ദുബൈ: കോവിഡ് വ്യാപനം അതിതീവ്രമാകുന്നതോടെ ഇന്ത്യക്കു മുന്നില്‍ ഗള്‍ഫ് അടക്കം വിദേശ രാജ്യങ്ങള്‍ വിമാനവാതിലുകള്‍ അടക്കുന്നു. അവധിക്ക് നാട്ടിലെത്തിയവരും ഉടന്‍ തിരിച്ചെത്തിയില്ലെങ്കില്‍ ജോലി നഷ്ടപ്പെടുന്നവരും വിസ കാലാവധി കഴിയാറായവരുമാണ് ഇതോടെ കുടുങ്ങിയത്.
ശനിയാഴ്ച അര്‍ധരാത്രി മുതല്‍ യു.എ.ഇയിലേക്കും ഒമാനിലേക്കും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് പ്രവേശനമുണ്ടാവില്ല. പത്തു ദിവസത്തേക്കാണ് യു.എ.ഇയില്‍ വിലക്ക്. ഇതു നീളാനുള്ള സാധ്യത ഏറെയാണ്. അവസാന ദിവസമായ ഇന്ന് എയര്‍ലൈനുകള്‍ പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്യുന്നുണ്ട്. ടിക്കറ്റ് നിരക്ക് 8000 രൂപയില്‍ നിന്ന് ഒരു ലക്ഷത്തിലേക്ക് കുതിച്ചിട്ടുണ്ട്.
ഇന്ത്യ, പാകിസ്താന്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍നിന്ന് ശനിയാഴ്ച വൈകീട്ട് ആറു മുതലാണ് ഒമാനിലേക്ക് അനിശ്ചിതകാല പ്രവേശന വിലക്ക്. 14 ദിവസത്തിനിടെ ഇന്ത്യ വഴി യാത്രചെയ്ത എല്ലാവര്ക്കും വിലക്ക് ബാധകമാണെന്ന് യു.എ.ഇയും ഒമാനും അറിയിച്ചു. കുവൈത്തില്‍ എല്ലാ വിദേശികള്‍ക്കും പ്രവേശനവിലക്കുണ്ട്. ജൂലൈയില്‍ മാത്രേമ കുവൈത്ത് തുറക്കാന്‍ സാധ്യതയുള്ളൂ.
ഇന്ത്യ ഉള്‍പ്പെടെ 20 രാജ്യങ്ങള്‍ക്കാണ് സൗദിയിലേക്ക് വിലക്ക്. ഖത്തറും ബഹ്റൈനും മാത്രമാണ് ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്താത്ത ഗള്‍ഫ് രാജ്യങ്ങള്‍. എന്നാല്‍, ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. ഞായറാഴ്ച മുതല്‍ ഖത്തറിലേക്ക് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് ഫലം നിര്‍ബന്ധമാണ്.
ഇന്ത്യയടക്കം കോവിഡ് ഭീഷണി നേരിടുന്ന എല്ലാ രാജ്യക്കാര്‍ക്കും ഒരാഴ്ച ഹോട്ടല്‍ ക്വാറന്റീന് നിര്‍ബന്ധം. ബഹ്റൈനില്‍ വിദേശത്തുനിന്നെത്തുവര്‍ക്ക് മൂന്നു കോവിഡ് ടെസ്റ്റുണ്ട്. സൗദി, യു.എ.ഇ, ഒമാന്‍ എന്നീ രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴിയുള്ള യാത്രക്കായാണ് പ്രവാസികള്‍ ശ്രമിക്കുന്നത്.