12 സീറ്റുകളില്‍ ജയിക്കും, നിയമസഭയില്‍ വിധിനിര്‍ണയിക്കുമെന്ന് ബിജെപി കോര്‍ കമ്മിറ്റി
കൊച്ചി: നിയമസഭയില്‍ വിധിനിര്‍ണയിക്കുന്ന ശക്തിയായി ബി.ജെ.പി. മാറുമെന്ന് പാര്‍ട്ടി കോര്‍ കമ്മിറ്റി വിലയിരുത്തല്‍. തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങള്‍ മുപ്പതിലധികംവരും. 12 മണ്ഡലങ്ങളിലെങ്കിലും ജയസാധ്യതയുണ്ട്. നിയമസഭയില്‍ ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത സ്ഥിതിയുണ്ടാവുമെന്നും ബി.ജെ.പി. അപ്പോള്‍ നിര്‍ണായക ശക്തിയായി മാറുമെന്നുമാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത്.
നേമത്ത് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ വി.വി. രാജേഷും ചാത്തന്നൂരില്‍ ബി.ബി. ഗോപകുമാറും പാലക്കാട്ട് ഇ. ശ്രീധരനും മലമ്പുഴയില്‍ സി. കൃഷ്ണകുമാറും കാസര്‍കോട്ട് കെ. ശ്രീകാന്തും ജയസാധ്യതയുള്ളവരാണ്.
തൃശ്ശൂരില്‍ സുരേഷ് ഗോപിയും മണലൂരില്‍ എ.എന്‍. രാധാകൃഷ്ണനും തിരുവനന്തപുരത്ത് കൃഷ്ണകുമാറും കോഴിക്കോട് നോര്‍ത്തില്‍ എം.ടി. രമേശും നല്ല മത്സരമാണ് കാഴ്ചവെച്ചത്. ബൂത്തുകളില്‍നിന്നുള്ള കണക്കുകളുടെ അടിസ്ഥാനത്തില്‍ ഈ മണ്ഡലങ്ങളിലെല്ലാം ശുഭപ്രതീക്ഷയാണ് പാര്‍ട്ടിക്കുള്ളത്.
മുപ്പതിനായിരത്തിലധികം വോട്ടുകള്‍ ബി.ജെ.പി.ക്ക് ഉറപ്പായിട്ടുള്ള മുപ്പതോളം മണ്ഡലങ്ങളില്‍ വാശിയേറിയ മത്സരമാണു നടന്നത്. ഫലം വരുന്നതോടെ ബി.ജെ.പി. കേരളത്തില്‍ പുതിയ ചരിത്രമെഴുതും. ബി.ജെ.പി.യുടെ കേരളത്തിന്റെ ചുമതലയുള്ള സി.പി. രാധാകൃഷ്ണന്റെ നേതൃത്വത്തില്‍നടന്ന കോര്‍-കമ്മിറ്റി യോഗം പ്രധാന മണ്ഡലങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി.
‘സര്‍ക്കാര്‍ പരാജയം’
കൊച്ചി: കോവിഡ് രണ്ടാംഘട്ട വ്യാപനം തടയുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. മറ്റു സംസ്ഥാനങ്ങളെല്ലാം കോവിഡ് വാക്സിന് വിലകൊടുത്തുവാങ്ങുമ്പോള് കേരളത്തിനു മാത്രം എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
വാക്സിന് സൗജന്യമാണെന്നു പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പ് നടന്നതായി തനിക്ക് അറിവൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.