കരാറുകാരന് മെഡിക്കല്‍ കോളേജില്‍ നല്ല ഭക്ഷണം ഉറപ്പാക്കും, അഞ്ചു ലക്ഷം കുടിശ്ശിക ഉടൻ കൈമാറും
കാസര്‍കോട്: ബദിയടുക്ക ഗവ. മെഡിക്കല്‍ കോളേജ് കൊവിഡ് സെന്ററിലെ രോഗികള്‍ക്ക് ഗുണനിലവാരമില്ലാതെ ഭക്ഷണം വിതരണം ചെയ്യുന്ന വിഷയത്തില്‍ അധികൃതര്‍ ഇടപെട്ടു. രോഗികള്‍ ഭക്ഷണം ബഹിഷ്കരിച്ച് പ്രതിഷേധിച്ച വിവരമറിഞ്ഞ് എന്‍.എന്‍.നെല്ലിക്കുന്ന് മെഡിക്കല്‍ കോളേജിലെത്തി അധികൃതരുടെ ശ്രദ്ധയില്‍ വിഷയം പെടുത്തുകയായിരുന്നു.പിന്നാലെ മെഡിക്കല്‍ കോളേജിന്റെ ചുമതല വഹിക്കുന്ന ഡി.പി.ഒ ഡോ. രാമന് സ്വാതി വാമന്‍ ഭക്ഷണം വിതരണം ചെയ്യുന്ന കരാറുകാരനോട് വിശദീകരണം തേടി. കൊവിഡ് രോഗികള്‍ക്ക് മൂന്ന് നേരവും ഗുണനിലവാരമുള്ള ഭക്ഷണം വിതരണം ചെയ്യാമെന്ന് ഇയാള്‍ ഉറപ്പ് നല്കി. ഇതുവരെ ഭക്ഷണം നല്കിയ വകയില്‍ അഞ്ചു ലക്ഷം രൂപ കിട്ടാനുണ്ടെന്ന കരാറുകാരന്റെ പരാതിയും അധികൃതരുടെ മുന്നിലെത്തി. കളക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറോട് ഈ തുക പെട്ടെന്ന് കൈമാറാന്‍ എം.എല്‍.എ ആവശ്യപ്പെട്ടു.കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജില്ലയിലെ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ രോഗികളുടെ എണ്ണം കൂടി വരികയാണ്. ഉക്കിനടുക്കയിലെ കാസര്‍കോട് മെഡിക്കല്‍ കോളേജ് ജില്ലയിലെ എഫ്.എല്‍.ടി.സികളില്‍ ഒന്നാണ്. 160 ബെഡുകളാണ് ഇവിടെയുള്ളത്. 115 ഓളം രോഗികളെ ഇവിടെ പ്രവേശിപ്പിച്ചിട്ടുണ്ട്.