17.20 കോടി അനുവദിച്ചു കാസര്‍കോട് മീന്‍പിടിത്ത തുറമുഖം യാഥാര്‍ഥ്യമാവുന്നു
കാസര്‍കോട്:വടക്ക് ഭാഗത്തെ പുലിമുട്ടിന്റെ നീളം കൂട്ടാന്‍ സംസ്ഥാന സര്‍ക്കാര്‍ 17.20 കോടി രൂപ കൂടി അനുവദിച്ചതോടെ കാസര്‍കോട് മീന്‍പിടിത്ത തുറമുഖം യാഥാര്‍ഥ്യമാകുന്നു. 190 മീറ്റര്‍ നീളത്തിലാണ് പുലിമുട്ട് നീട്ടുക. പുതിയ അലൈന്‍മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പ്രവൃത്തി ആരംഭിക്കുമെന്ന് ഹാര്‍ബര്‍ എന്‍ജിനിയറിങ് കാസര്‍കോട് ഡിവിഷന് എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ മുഹമ്മദ് അഷറഫ് പറഞ്ഞു. അനുബന്ധമായി കൂടുതല്‍ പ്രവൃത്തി വേണ്ടിവരും.ഇതിനായി കാസര്‍കോട് വികസന പാക്കേില് നിന്ന് ഫണ്ട് ലഭ്യമാക്കും.
ആയിരങ്ങള്‍ക്ക് ആശ്രയം; ദീര്‍ഘകാലത്തെ സ്വപ്നം
കാസര്‍കോട് കടപ്പുറം കേന്ദ്രീകരിച്ച് മീന്‍പിടിക്കാന്‍ പോകുന്ന ആയിരത്തിലധികം മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ദീര്‍ഘനാളത്തെ സ്വപ്നമാണ് തുറമുഖം. ചെറുവത്തൂര്‍, മഞ്ചേശ്വരം തുറമുഖത്തിന് മുമ്പ് നിര്‍മാണം തുടങ്ങിയതാണ് കാസര്‍കോട്ടെത്. കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന മുഖേനയാണ് 29.75 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിക്കുന്നത്. തെക്കും വടക്കും ഭാഗത്ത് രണ്ട് പുലിമുട്ട്, സംരക്ഷണ ഭിത്തി, അനുബന്ധന റോഡ്, പാര്‍ക്ക്, ലേല ഹാള്‍, മണലെടുത്ത് നിരപ്പാക്കല്‍, ജലവിതരണം, പ്രഥമിക കാര്യങ്ങള്‍ക്കുള്ള സമുച്ഛയം, പ്രവേശന കവാടം, വല നെയ്യല് ഷെഡ്, കാന്റീന് എന്നിവയാണ് പദ്ധതിയിലുണ്ടായിരുന്നത്. ഇതില്‍ മിക്കവാറും പ്രവൃത്തി പൂര്‍ത്തിയായി. മീന്‍പിടിത്ത ബോട്ടുകള്‍ വരാന്‍ തുടങ്ങിയപ്പോള്‍ വടക്കേ പുലിമുട്ടിന്റെ അശാസ്ത്രീയമായ നിര്‍മാണം കാരണം തുറമുഖത്തേക്ക് അടുക്കാന്‍ പ്രയാസമായി. ചിലതിന് കേടുപാടുമുണ്ടായി.
തൊഴിലാളികള്‍ പ്രതിഷേധിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്ര അംഗീകാരമുള്ള വിദഗ്ധ ഏജന്‍സിയെ പഠനത്തിനായി നിശ്ചയിച്ചു. ഇവര്‍ പഠനം നടത്തിയാണ് പുതിയ അലൈന്മെന്റ് ഉണ്ടാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച തുക തീര്‍ന്നതിനാല്‍ അധിക പ്രവൃത്തിക്കുള്ള 17.20 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു. കാസര്‍കോട് കടപ്പുറത്ത് നിന്നുള്ള സിപിഐ എം പ്രതിനിധി സംഘം മുഖ്യമന്ത്രിയെയും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയേയും കണ്ട് സഹായം അഭ്യര്‍ഥിച്ചിരുന്നു. മഞ്ചേശ്വരം തുറമുഖം ഏറ്റെടുത്ത പികെഎം കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് കാസര്‍കോട്ടെ പ്രവൃത്തിയും നടത്തുന്നത്. അലൈമെന്റ് അംഗീകരിച്ചാല്‍ മൂന്ന് മാസത്തിനകം പുലിമുട്ട് നീളം കൂട്ടുന്നതും റോഡിന്റെ പ്രവൃത്തിയും പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ.