കുതിച്ചുവന്ന ട്രെയിനു മുന്നില്‍ നിന്ന് കുരുന്നിനെ രക്ഷിച്ച പോയിന്റ്സ്മാനെ തേടി ജാവയുടെ സമ്മാനമെത്തി
മുംബൈ: മുംബൈയിലെ വങ്കാണി റെയില്‍വേ സ്റ്റേഷനില്‍ കുതിച്ചുവന്ന ട്രെയിനു മുന്നില്‍ പെട്ട് കുരുന്നിനെ ജീവന് പണയംവച്ചും രക്ഷിച്ച പോയിന്റ്സ്മാന് മയൂര്‍ ഷെല്‍കെയെ തേടി സ്വപ്ന സമ്മാനമെത്തി. ജാവ സഹ സ്ഥാപകന്‍ അനുപം തരേജ വാഗ്ദാനം ചെയ്ത ജാവ ഫോര്‍ട്ടി ടു മോട്ടോര്‍സൈക്കിളാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സമ്മാനിച്ചത്. ഗോള്‍ഡന്‍ വരകളോടു കൂടിയ നെബുല ബ്ളു കളറിലുള്ളതാണ് ബൈക്ക്. ജാവ അധികൃതര്‍ മയൂറിന്റെ വീട്ടിലെത്തി ബൈക്കും താക്കോലും കൈമാറി.
സെന്‍ട്രല്‍ റെയില്‍വേയും മയൂരിന്റെ ധീരതയെ അഭിനന്ദിക്കുകയും 50,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഈ തുകയില്‍ പകുതി താന്‍ രക്ഷിച്ച കുട്ടിയ്ക്കും അമ്മയ്ക്കും നല്‍കുമെന്ന് മയൂരും പറഞ്ഞിരുന്നു.
ഈ മാസം 17നായിരുന്നു സംഭവം. റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലൂടെ നടന്നുപോകവേയാണ് അന്ധയായ അമ്മയുടെ കയ്യില്‍നിന്നും മാറിയ കുട്ടി ട്രാക്കിലേക്ക് വീണത്. ട്രെയിന്‍ കുതിച്ചുവരുന്നത് ശ്രദ്ധയില്‍പെട്ട റെയില്‍വേ പോയിന്റ്സ്മാനായ മയൂര്‍ ഓടിച്ചെന്ന് കുട്ടിയെ എടുത്ത് പ്ലാറ്റ്ഫോമിലേക്ക് എടുത്തിടുകയും സ്വയം ചാടിക്കയറുകയും ചെയ്തു. ആ നിമിഷം തന്നെ ട്രെയിന്‍ അവരെ കടന്നുപോകുകയായിരുന്നു.