കേന്ദ്രം എത്ര വിലകൂട്ടിയാലും കേരളം സൗജന്യമായി വാക്സിൻ നൽകും; തിരഞ്ഞെടുപ്പ് സമയത്ത് എല്ലാവർക്കും ജാഗ്രത കുറവുണ്ടായെന്ന് തോമസ് ഐസക്ക്
തിരുവനന്തപുരം: കൊവിഡ് വാക്സിന് കേന്ദ്രം എത്ര വില കൂട്ടിയാലും കേരളം അത് സൗജന്യമായി നൽകുമെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്ക്. ലോക്ക്ഡൗണിലൂടെ രാജ്യത്തിന് കനത്ത സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്നതിന് പകരം, അൽപ്പം നഷ്ടം സഹിച്ച് വാക്സിൻ സൗജന്യമായി നൽകുന്നതാണ് മികച്ച സാമ്പത്തിക ശാസ്ത്രമെന്നും തോമസ് ഐസക്ക് പറഞ്ഞു.കേരളം ഉൾപ്പടെയുളള എല്ലാ സംസ്ഥാനങ്ങളും വലിയ പ്രതിസന്ധിയിലാണ്. ഈയൊരു സാഹചര്യത്തിൽ ആയിരം കോടിയൊക്കെ എടുത്ത് ഒറ്റയടിക്ക് ചിലവ് ചെയ്യുക എന്നത് കൂടുതൽ സാമ്പത്തിക പ്രയാസങ്ങളിലേക്ക് നയിക്കും. പക്ഷേ, ജനങ്ങളുടെ പ്രയാസം പരിഹരിക്കാനായി സർക്കാരിന്റെ ചില പ്രവർത്തനങ്ങൾ നീട്ടിവയ്ക്കുകയാണ്. കേന്ദ്രം തന്നില്ലെങ്കിൽ നാട്ടുകാർക്ക് കിട്ടില്ലയെന്ന അവസ്ഥയുണ്ടാകില്ലെന്നും ഐസക്ക് പറഞ്ഞു.കേന്ദ്രത്തിന് 150 രൂപയ്ക്കും സംസ്ഥാനങ്ങൾക്ക് 400 രൂപയ്ക്കും വാക്സിൻ എന്നുപറയുന്നതിൽ എന്ത് ന്യായമാണ് ഉളളത്. ഒരു രാഷ്ട്രത്തിൽ എല്ലാം ഒരേപോലെ വേണമെന്ന് പറയുന്നവർ തന്നെ ഒരു രാഷ്ട്രവും മൂന്ന് വിലയുമാക്കി മാറ്റിയിരിക്കുകയാണ്. 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചു എന്നൊക്കെയാണല്ലോ കേന്ദ്രസർക്കാർ അവകാശപ്പെടുന്നത്. അതുപയോഗിച്ച് സൗജന്യവാക്സിൻ നൽകാമെന്നും ധനമന്ത്രി പറഞ്ഞു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ സംഭാവന ചെയ്യണം. അല്ലെങ്കിൽ 1100 കോടി രൂപ എവിടെനിന്നാണ് ഉണ്ടാക്കാൻ കഴിയുക. തിരഞ്ഞെടുപ്പ് സമയത്ത് കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെട്ടു. അതിന് ഇന്ന പാർട്ടി എന്നില്ല, എല്ലാവർക്കും ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ടെന്നും തോമസ് ഐസക് വ്യക്തമാക്കി.സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് വാക്സിന് പണം ഇടാക്കുന്നത്. സംസ്ഥാനങ്ങൾ മത്സരിച്ച് വാക്സിൻ വാങ്ങണമെന്നാണ് കേന്ദ്രസർക്കാരിന്റെ നിലപാട്. ഇരട്ട വില സമ്പ്രദായത്തിനെതിരെയും സംസ്ഥാനങ്ങളുടെ മേൽ ഭാരം വരുന്നതിനെതിരെയും ശക്തമായ വിമർശനം ഉന്നയിക്കുമെന്നും തോമസ് ഐസക്ക് കൂട്ടിച്ചേർത്തു.