ആശുപത്രിയില്‍ കിടക്കാന്‍ ബെഡ്ഡില്ല ; കര്‍ണാടകയിലെ ബിദാറില്‍ രോഗികള്‍ കിടക്കുന്നത് പുറത്തെ നടപ്പാതയില്‍
ബംഗലുരു: കോവിഡിന്റെ രണ്ടാം തരംഗവും ജനിതകമാറ്റം സംഭവിച്ച വൈറസുകളും ഇന്ത്യയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കപ്പെടുമ്പോള്‍ ആശുപത്രികള്‍ രോഗികളെ കൊണ്ടു നിറയുകയാണ്. മതിയായ ബെഡ്ഡുകളില്ലാതെ ആവശ്യത്തിന് ഓക്സിജനും മരുന്നുകളും ഇല്ലാതെ ഇന്ത്യയില്‍ ഉടനീളം രോഗികള്‍ വലയുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ കര്‍ണാടകയില്‍ ബിദറില്‍ നിന്നുള്ള ഒരു ദൃശ്യം കോവിഡിന്റെ ദുരിതം വിളിച്ചു പറയുന്നു. ഒരു കോവിഡ് രോഗി ആശുപത്രിക്ക് വെളിയില്‍ നടപ്പാതയില്‍ കിടക്കുന്നതിന്റെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്.
ആശുപത്രിയില്‍ കിടക്കകളില്ലാത്തതിനാല്‍, രോഗികള്‍ക്ക് പുറത്ത് കാത്തുനില്‍ക്കേണ്ടിവരുന്ന സ്ഥിതിയുണ്ടെങ്കിലും ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗി നടപ്പാതയിലാണ് കിടക്കുന്നത്. ബിദാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന് പുറത്തുനിന്നുള്ള ദൃശ്യം ശ്രദ്ധേയമായിരിക്കുന്ന സാഹചര്യത്തില്‍ കര്‍ണാടക ആരോഗ്യമന്ത്രി തന്നെ ബിദാറിലെ സ്ഥിതി കടുത്തതാണെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. ബുധനാഴ്ച ബിദറില്‍ 202 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മൊത്തം കേസുകള്‍ 14,000 ന് മുകളില്‍ എത്തി. 24 മണിക്കൂറിനുള്ളില്‍ അഞ്ച് മരണവും റിപ്പോര്‍ട്ട് ചെയ്തു.
ജില്ലയിലെ ഏറ്റവും വലിയ ആശുപത്രിയാണ് ബ്രിംസ്. എന്നാല്‍ രോഗികളുടെ ആധിക്യം കാരണം കൂടുതല്‍ കിടക്കകള്‍ വേണ്ടി വരികയാണെന്നും കിടക്കകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ നിരന്തരമായ ശ്രമങ്ങള്‍ നടക്കുകയാണെന്നും ആരോഗ്യമന്ത്രി കെ.കെ. സുധാകര്‍ പറഞ്ഞു. എന്നാല്‍ മന്ത്രിയെ തള്ളി ബിദാര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ രംഗത്ത് വന്നു. ജില്ലയില്‍ കിടക്കകളുടെ പ്രതിസന്ധിയൊന്നുമില്ലെന്നും ആവശ്യമുള്ള രോഗികള്‍ക്ക് കിടക്കകള്‍ നല്‍കുന്നുണ്ട് എന്നും പറഞ്ഞു. ബ്രിംസിന്റെ പഴയ ആശുപത്രിയില്‍ 450 കിടക്കകളും പുതിയ ആശുപത്രിയില്‍ 550 കിടക്കകളും ഉണ്ടെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചാല്‍ നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
അതേസമയം രാജ്യത്തുടനീളം പടര്‍ന്നുപിടിച്ചിരിക്കുന്ന കൊറോണയില്‍ കര്‍ണാടകയും വലയുകയാണ്. പ്രതിസന്ധി നിയന്ത്രണാതീതമാണെന്നും വീടുകളിലും അനേകം കോവിഡ് രോഗികളുണ്ടെന്നും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ബി.എസ് യദ്യൂരപ്പയും പറഞ്ഞു. കര്‍ണാടകയില്‍ നിലവില്‍ രണ്ടുലക്ഷത്തിന് മുകളില്‍ േരാഗികളുണ്ടെന്നാണ് സംസ്ഥാനം കണക്കാക്കിയിരിക്കുന്നതെന്നും പറഞ്ഞു.