രാജ്യത്ത് ദാരിദ്ര്യം അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായി; ഒറ്റ വര്‍ഷം കൊണ്ട് ഇന്ത്യ 45 വര്‍ഷം മുമ്പത്തെ അവസ്ഥയില്‍
ന്യൂഡല്‍ഹി: കോവിഡും സര്‍ക്കാരിന്റെ സാമ്പത്തീക നയങ്ങളും കൊണ്ട് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ദാരിദ്ര രേഖയ്ക്ക് താഴെയായി മാറിയവരുടെ എണ്ണം ഇരട്ടിയായെന്ന് പഠനം. കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തപ്പെട്ട സാഹചര്യവും അതിനിടയില്‍ വന്ന കോവിഡ് രോഗവും കനത്ത വെല്ലുവിളിയാണ് ഉണ്ടാക്കിയതെന്നും ആറ് കോടിയായിരുന്ന ദരിദ്രരുടെ എണ്ണം 13 കോടിയിലേക്ക് ഉയര്‍ന്നെന്നും ലോകബാങ്കിന്റെ വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള പഠനത്തില്‍ പറയുന്നു.
കോവിഡ് കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രാജ്യത്തെ ദരിദ്രരുടെ എണ്ണം ആറ് കോടിയില്‍ നിന്നും 13.4 കോടിയായിട്ടാണ് ഉയര്‍ന്നത്. ദിവസക്കൂലി 150 രൂപയില്‍ താഴേ വരുമാനമുള്ളവരെയാണ് ദരിദ്രരായി കണക്കാക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷവും ഈ ശ്രേണിയിലാണ്. 150 മുതല്‍ 700 വരെ ദിവസ വരുമാനം നേടുന്നവരുടെ പട്ടികയില്‍ 119.7 കോടി ആളുകളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ കഴിഞ്ഞ ഒറ്റ വര്‍ഷം കൊണ്ട് 116.2 കോടിയായിട്ടാണ് ഈ എണ്ണം ചുരുങ്ങിയത്. ഏകദേശം 3.5 കോടി ആള്‍ക്കാരാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയായത്.
മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഇല്ലാതായത്, കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴില്‍ നഷ്ടം സംഭവിച്ചതുമാണ് ദരിദ്രരുടെ എണ്ണം ഇരട്ടിയാവുന്നതിലെ പ്രധാന കാരണങ്ങളില്‍ ഒന്ന്. ഇടത്തരം വരുമാനം കിട്ടിയിരുന്നവരുടെ എണ്ണം 10 കോടിയില്‍ നിന്ന് 6.6 കോടിയായി കുറഞ്ഞപ്പോള്‍ ഇന്ത്യയിലെ സമ്പന്ന ജനസംഖ്യ 30 ശതമാനം ഇടിഞ്ഞ് 1.8 കോടി ആയി മാറിയെന്നും 45 വര്‍ഷം മുമ്പത്തെ അവസ്ഥയിലാണ് ഇന്ത്യ ഇപ്പോള്‍ ദാരിദ്രത്തിന്റെ കാര്യത്തില്‍ എന്നും പഠനം സൂചിപ്പിക്കുന്നു. അമേരിക്കന്‍ സ്ഥാപനം പ്യൂ റിസര്‍ച്ച് സെന്ററാണ് പഠനം നടത്തിയത്.