ക്ഷമിക്കണം, ഉള്ളിൽ എന്താണെന്ന് അറിയില്ലായിരുന്നു…കൊവിഡ് വാക്സിൻ അടങ്ങിയ ബാഗ് തിരികെ ഏൽപ്പിച്ച് ‘നല്ലവനായ’ കള്ളൻ
ചണ്ഡിഗഡ്: ആശുപത്രിയിൽ നിന്ന് മോഷ്ടിച്ച ബാഗിൽ കൊവിഡ് വാക്സിൻ ആണെന്ന് വ്യക്തമായതോടെ ക്ഷമാപണകുറിപ്പോടെ കള്ളൻ ബാഗ് തിരികെയേൽപ്പിച്ചു. പൊലീസ് സ്റ്റേഷനുസമീപത്തെ കടയിൽ ബാഗ് ഭദ്രമായി ഏൽപ്പിച്ചശേഷമാണ് കള്ളൻ മുങ്ങിയത്. ഹരിയാനയിൽ ജിൻഡിലെ പിപി സെൻട്രൽ ജനറൽ ആശുപത്രിയിൽ നിന്ന് ഇന്നലെയാണ് 440 ഡോസ് കൊവാക്സിനും 1270 ഡോസ് കൊവിഷീൽഡ് വാക്സിനും നഷ്ടപ്പെട്ടത്. ബാഗ് പരിശോധിച്ചപ്പോൾ ഉള്ളിൽ മരുന്നാണെന്ന് വ്യക്തമാവുകയും ഇതോടെ തിരികെ ഏൽപ്പിക്കാൻ നല്ലവനായ കള്ളൻ തയ്യാറാവുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ‘ക്ഷമിക്കണം, കൊവിഡിനുള്ള മരുന്നാണ് ബാഗിലുണ്ടായിരുന്നതെന്ന് എനിക്കറിയില്ലായിരുന്നു-‘എന്നായിരുന്നു ഹിന്ദിയിലുള്ള ക്ഷമാപണക്കുറിപ്പിൽ പറഞ്ഞിരുന്നത്.ഇന്നലെ പുലർച്ചയോടെയായിരുന്നു മോഷണം നടന്നത്. ഉച്ചതിരിഞ്ഞാണ് കള്ളൻ ബാഗ് തിരിയെ ഏൽപ്പിച്ചത്. സ്റ്റേഷനുസമീപത്തെ ചായക്കടയിൽ എത്തിയ കള്ളൻ അവിടെയുള്ള ഒരാളോട് ബാഗ് പൊലീസിനെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആരാണെന്ന് തിരക്കിയപ്പോൾ പൊലീസുകാർക്ക് ഭക്ഷണം നൽകാൻ എത്തിയതാണെന്നും ഉടൻപോകണമെന്നും പറഞ്ഞ് സ്ഥലംവിടുകയായിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയെങ്കിലും അയാളെ കണ്ടെത്താൻ കഴിഞ്ഞില്ല.ആശുപത്രിയിലെ സ്റ്റോർമുറിയിലുണ്ടായിരുന്ന മരുന്നടങ്ങിയ ബാഗാണ് മോഷണം പോയത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ഉള്ളിൽ കടന്ന മോഷ്ടാവ് ബാഗുമായി കടക്കുകയായിരുന്നു. ആന്റിവൈറൽ മരുന്നായ റെംഡെസിവിർ ആണെന്നു കരുതിയാണ് വാക്സിൻ അടങ്ങിയ ബാഗ് എടുത്തതെന്നാണ് പൊലീസ് നിഗമനം. മോഷ്ടാവിനുവേണ്ടി പൊലീസ് അന്വേഷണം ഊർജിതമാക്കി.