ഓക്സിജന്‍ കിട്ടിയില്ല; ഗംഗാറാം ആശുപത്രിയില്‍ 25 രോഗികള്‍ പിടഞ്ഞ് മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ 24 മണിക്കൂറിനിടെ 25 രോഗികള്‍ മരിച്ചു. ആശുപത്രിയില്‍ അവശേഷിക്കുന്നത് രണ്ടുമണിക്കൂര്‍ ഉപയോഗിക്കുന്നതിനുള്ള ഓക്സിജന്‍ മാത്രമാണെന്ന് സര് ഗംഗാറാം ആശുപത്രിയുടെ മെഡിക്കല്‍ ഡയറക്ടര്‍ അറിയിച്ചു. വെന്റിലേറ്ററുകളും മറ്റും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. അടിയന്തരമായി ഓക്സിജന്‍ എത്തിക്കുകയോ രോഗികളെ എയര്‍ലിഫ്റ്റ് ചെയ്യുകയോ ചെയ്യണം. 60 രോഗികളുടെ ജീവന് അപകടത്തിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം, ഓക്സിജന്‍ ലഭ്യതക്കുറവു മൂലം ലോ പ്രഷര്‍ ഓക്സിജനാണ് നല്‍കിയിരുന്നത്. ഇതാകാം മരണകാരണമെന്നാണ് സൂചന.
കോവിഡ് വ്യാപനത്തില്‍ ഓക്സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികളുടെ പട്ടിക കഴിഞ്ഞ ദിവസം ഡല്‍ഹി സര്‍ക്കാര്‍ പുറത്തു വിട്ടിരുന്നു. ഡല്‍ഹിയിലെ ഓക്സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട് നിരവധി ആശുപത്രികളാണ് ഹൈക്കോടതിയെ സമീപിച്ചത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനത്തെ തുടര്‍ന്ന് ആശുപത്രികളില്‍ ഓക്സിജന്‍ ക്ഷാമം രൂക്ഷമായതിന് തുടര്‍ന്ന് കേന്ദ്രത്തെ വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു.
ഇതിനു പിന്നാലെ സംസ്ഥാനാന്തര ഓക്സിജന്‍ സിലിണ്ടര്‍ നീക്കത്തിനുള്ള നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കി. സിലിണ്ടറുകളുമായി നീങ്ങുന്ന വാഹനങ്ങളെ അതിര്‍ത്തികളില്‍ തടയരുതെന്ന് ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ഓക്സിജന്‍ ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍, വ്യവസായ ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ വിതരണം ആരോഗ്യമേഖലയിലേക്കു മാറ്റും. കമ്പനികള്‍ സ്ഥിതി ചെയ്യുന്ന സംസ്ഥാനങ്ങളിലെ ആശുപത്രികള്‍ക്കു മാത്രമേ ഓക്സിജന്‍ നല്‍കാവൂ എന്ന നിബന്ധന അംഗീകരിക്കില്ല. മാര്‍ഗനിര്‍ദേശങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ജില്ലാ മജിസ്ട്രേട്ടും പൊലീസും ഉറപ്പാക്കണമെന്നു ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല നിര്‍ദേശിച്ചു.
ഓക്സിജന്‍ സിലിണ്ടറുകളുമായി നീങ്ങിയ വാഹനങ്ങള്‍ ഹരിയാനയിലും യുപിയിലും ബലമായി പിടിച്ചെടുത്തതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചിരുന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും യുപിക്കെതിരെ സമാന ആരോപണം ഉന്നയിച്ചിരുന്നു.