മാസ്ക് വെക്കാത്തവര്‍ക്കെതിരെ ‘നിയമപരമായും കായികപരമായും’ നടപടിയെടുക്കുമെന്ന് കേരള പൊലീസ്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം ശക്തമാകുന്നതിനിടെ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശിച്ച് കേരള പൊലീസ്. ട്രോള്‍ രൂപത്തിലാണ് പുതിയ നിര്‍ദേശം വന്നിരിക്കുന്നത്.
സംസ്ഥാനത്തെ കൊവിഡ് കണക്കിന്റെ വാര്‍ത്ത ചേര്‍ത്താണ് ട്രോള്‍. ഇതില്‍ ഈയിടെ ഏറ്റവും അധികം ട്രോളുകളില്‍ ഉപയോഗിച്ച ജോജിയിലെ ബാബുരാജിന്റെ ജോമോന് എന്ന കഥാപാത്രം പറയുന്ന ഡയലോഗാണ്, കുറച്ച് മാറ്റങ്ങളോടെ കേരള പൊലീസ് അവതരിപ്പിച്ചിരിക്കുന്നത്.
‘ഇപ്പോഴും മാസ്ക് ഇടാതെയും താടിക്ക് മാസ്ക് വെച്ചും ആവശ്യമില്ലാതെ കൂട്ടം കൂടുന്നവരെയും കറങ്ങാനിറങ്ങുന്നവരെയും ശ്രദ്ധയില്‍ പെടുന്നുണ്ട്. അത്തരക്കാര്‍ക്കെതിരെ നിയമപരമായും ആവശ്യമെങ്കില്‍ കായികപരമായും നടപടികള്‍ സ്വീകരിക്കുന്നതാണ്,’ ട്രോളില്‍ പറയുന്നു.
മാമനോടൊന്നും തോന്നല്ലേ മക്കളേ, എന്ന കരിക്കിന്റെ പോപ്പുലര്‍ ഡയലോഗാണ് ഫേസ്ബുക്കിലെ ട്രോള്‍ പോസ്റ്റിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ‘ഇനിയും പിടിച്ചില്ലേല്‍ കയ്യേല് നിക്കത്തില്ല. അതോണ്ടാ… മാമനോട് ഒന്നും തോന്നല്ലേ,’ എന്നാണ് ക്യാപ്ഷന്‍.
അതേസമയം ട്രോളിനെതിരെ വിമര്‍ശനവും കമന്റുകളില്‍ വരുന്നുണ്ട്. കായികപരമായി എന്ന പരാമര്‍ശത്തിനെതിരെയാണ് വിമര്‍ശനമുയരുന്നത്. ഭര ണഘടന ആണ് സാറെ ഞങ്ങടെ മാനുവല്‍. കായികം ഒക്കെ അങ്ങ് കയ്യില്‍ തന്നെ വെച്ചാല്‍ മതിയെന്ന് ഒരു കമന്റില്‍ പറയുന്നു.
ശാരീരികമായി പീഡിപ്പിക്കുമെന്ന് പരസ്യമായി പറയുന്ന പോലീസെന്നാണ് മറ്റൊരു കമന്റ്. കായികപരമായി നേരിട്ടാല്‍ പിന്നെ കൊറോണ വരില്ലായിരിക്കുമല്ലേയൈന്നും ചിലര്‍ ചോദിക്കുന്നു. ഇങ്ങനെ താളത്തില്‍ പറയാതെ ഉരുട്ടി കൊല്ലും എന്ന് തുറന്ന് പറ. അതാണല്ലോ ശീലമെന്നും ചിലര്‍ പ്രതികരിച്ചു.