ഇരു വൃക്കയും തകരാറിലായ ശ്യാംകുമാറിന് വേണം ഉദാരമതികളുടെ കൈത്താങ്ങ്
പാലക്കുന്ന്: ആറാട്ട്കടവ് പാക്യാര കുന്നിൽ ശ്യാംകുമാർ എന്ന 31 കാരൻ കഴിഞ്ഞ മൂന്നോളം വർഷമായി ഇരു വൃക്കകളും തകരാറിലായി ചികിത്സയിലാണ്. ജീവിതത്തിലേക്ക് മടങ്ങി വരാൻ കിഡ്നി മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി ഉദാരമതികളുടെ സഹായം തേടുകയാണ് ആ യുവനാവികൻ. ആരും കൊതിച്ചുപോകുന്ന കപ്പൽ ജോലിയിൽ ആകൃഷ്ടനായി അതിനായുള്ള പരീശീലനം നേടി 2009 ൽ ഒരിന്ത്യൻ കമ്പനിയിൽ ജോലി നേടിയ ശ്യാംകുമാർ പിന്നീട് വിദേശ കമ്പനിയായ ബർഗേഷൻ വേൾഡ് വൈഡ് (ബി.ഡബ്ല്യൂ ) കമ്പനിയിൽ പ്രവേശിച്ചു.
2017 ഡിസംബർ 13ന് ആ കമ്പനിയുടെ ദ്രവീകൃത പെട്രോളിയം വാതക വാഹക (എൽ.പി.ജി) കപ്പലിൽ എബിൽ സീമൻ റാങ്കിൽ സിങ്കപ്പൂരിൽ വെച്ച് സൈൻഓൺ ചെയ്ത് കയറി. തായ് വാനിലെ കൗഷിങ് തുറമുഖത്തേക്കുള്ള യാത്രമധ്യേ ശാരീരിക അസ്വസ്ഥത മൂലം ശ്യാമിനെ കൗഷിങ്ങിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൃക്കസംബന്ധമായ അസുഖം കണ്ടെത്തിയതിനെ തുടർന്ന് 2018 ഫെബ്രുവരി 17 ന് കമ്പനി ശ്യാംകുമാറിനെ മുംബൈയിലേക്ക് അയച്ചു. രോഗം സ്ഥിരീകരിച്ച് 130 ദിവസത്തെ മുംബൈ ചികിത്സയ്ക്ക് ശേഷം ശ്യാം നാട്ടിലെത്തി. മംഗളൂരിലെ സ്വകാര്യ ആശുപത്രിയുടെ നിർദേശാനുസരണം വീട്ടിൽ ചികിത്സയിലാണിപ്പോൾ . തകരാറിലായ ഇരു വൃക്കകളും മാറ്റിവെക്കണമെന്നാണ് ഡോക്ടർന്മാരുടെ നിർദേശം. ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ചെയ്ത്കൊണ്ടിരിക്കുകയാണ്.
കപ്പൽ ജോലിയിൽ നിന്ന് ഇതുവരെ സമ്പാദിച്ചതിൽ ഒന്നും ബാക്കിയില്ല . ക്ഷീരകർഷകനായ അച്ഛന്റെ തുച്ഛമായ വരുമാനം നിത്യവൃത്തിക്കുപോലും തികയില്ല. സുഹൃത്തുക്കളിൽ നിന്ന് വലിയൊരു തുക ഇതിനകം കടമായും വാങ്ങി . വൃക്ക മാറ്റിവെക്കലിന് ലക്ഷക്കണക്കിന് രൂപ സ്വരൂപിച്ചാലേ ശ്യാംകുമാറിന് തുടർ ജീവിതം സാധ്യമാകൂവെന്ന് ഡോക്ടർന്മാരും വിധിയെഴുതി. പണം കണ്ടെത്താനുള്ള എല്ലാ വാതിലുകളും അടഞ്ഞപ്പോൾ
ആ നിർധന കുടുംബത്തിന്റെ അവസ്ഥ മനസിലാക്കിയ നാട്ടിലെ മനുഷ്യസ്നേഹികളും കാരുണ്യപ്രവർത്തകരും കുടുംബത്തിന് കൈത്താങ്ങാവാൻ ശ്യാംകുമാറിന്റെ ചികിത്സ ധനശേഖരണത്തിന് തുടക്കമിട്ടിരിക്കുകയാണ്. ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിയുടെ അധ്യക്ഷതയിൽ ചേർന്ന
യോഗം കെ. കുഞ്ഞിരാമൻ എം.എൽ.എ രക്ഷാധികാരിയായി ജനകീയ ചികിത്സാ കമ്മിറ്റി രൂപവത്കരിച്ചു . കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.വി. രാജേന്ദ്രനാണ് ചികിത്സാ സഹായ കമ്മിറ്റിയുടെ ചെയർമാൻ. കെ. കമലാക്ഷൻ കൺവിനറും ജഗദീശൻ ആറാട്ട്കടവ് ട്രഷററും.
ഇതിനായി ബാങ്ക് ഓഫ് ബറോഡാ ഉദുമ ശാഖയിൽ ശ്യാംകുമാർ ചികിത്സാ സഹായ കമ്മിറ്റിയുടെ അക്കൗണ്ട് തുടങ്ങിയിട്ടിട്ടുണ്ട്.
A/C No:26720100021271.IFSC: BARB0UDMAXX
(5th character is zero) സഹപ്രവർത്തകരുടെ കൂട്ടായ്മയും ശ്യാമിനെ സഹായിക്കാനായി രംഗത്തുണ്ട്. സുകുമാരൻ കുന്നുമ്മലിന്റെയും ലീലയുടെയും മൂന്ന് മക്കളിൽ രണ്ടാമനാണ് അവിവാഹിതനായ ശ്യാംകുമാർ