എറണാകുളം : പെരിയ ഇരട്ടകൊലപാതക കേസ് അന്വേഷണത്തിൽ അപാകത ഉണ്ടായിട്ടില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയില്‍. കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിലാണ് സർക്കാർ നിലപാടവ്യക്തമാക്കിയത്.. കുറ്റപത്രം സമർപ്പിച്ച കേസിൽ ഇനി സിബിഐ അന്വേഷണം ആവശ്യമില്ലെന്നാണ് സർക്കാർ ഹർജിയില്പറഞ്ഞത്.
അന്വേഷണ സംഘം കൃത്യമായി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ക്രിമിനൽ കേസിൽ പാലിക്കേണ്ട എല്ലാ നടപടികളും പാലിച്ചായിരുന്നു അന്വേഷണം. അന്വേഷണം എങ്ങനെ നടത്തണം എന്നത് പ്രത്യേക സംഘത്തിന്റെ പരിധിയിൽ വരുന്ന കാര്യമാണ് അതിൽ ഇടപെടുന്നതിൽ കോടതികൾക്ക് പോലും പരിധി ഉണ്ടെന്നു സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചു. സർക്കാരിനായി മുൻ അഡിഷൻ സോളിസിറ്റർ ജനറൽ മനീന്ദർ സിംഗ് ഹാജരായി.
കഴിഞ്ഞ മാസം 30നായിരുന്നു പെരിയ കൊലപാതകക്കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് രൂക്ഷമായി വിമർശിച്ചത്. എത്രയും വേഗം കേസ് സിബിഐക്ക് കൈമാറണമെന്നായിരുന്നു നിർദ്ദേശം. രണ്ട് യുവാക്കൾ അതിക്രൂരമായ കൊലപ്പെട്ട കേസാണിതെന്ന് ഓര്‍മ്മിപ്പിച്ച കോടതി, കേസിൽ ഗൗരവപൂർണ്ണവും കാര്യക്ഷമവുമായ അന്വേഷണം നടന്നിട്ടില്ലെന്ന് നിരീക്ഷിച്ചിരുന്നു. കുറ്റപത്രം സമർപ്പിച്ചതിൽ പോലും ഇത് വ്യക്തമാണെന്ന് പറഞ്ഞ കോടതി വിചാരണ നടന്നാൽ പോലും പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കേസ് ഫയൽ സിബിഐക്ക് പൊലീസ് കൈമാറിയത്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് അന്വേഷണ ചുമതല.