ആശുപത്രി സ്റ്റോർ റൂം തകർത്ത് 1710 ഡോസ് കൊവിഷീൽഡും കൊവാക്സിനും മോഷ്ടിച്ചു
ഹരിയാന: സ്വർണ്ണത്തിനും പണത്തിനും പകരം ഇപ്പോൾ മോഷണം പോയിരിക്കുന്നത് കോവിഡ് വാക്സിൻ. ഹരിയാനയിലെ ജിന്ദിലെ പിപി സെന്റർ ജനറൽ ആശുപത്രിയുടെ സ്റ്റോർ റൂം തകർത്താണ് 1710 ഡോസ് കൊവിഡ് വാക്സിൻ മോഷണം പോയിരിക്കുന്നത്.
കൊവിഷീൽഡ്, കൊവാക്സീൻ എന്നീ വാക്സീനുകളാണ് മോഷ്ടിച്ചത്. ജില്ലയിൽ കൊവിഡ് വാക്സിൻ ഇല്ലാത്ത സാഹചര്യമാണ് ഇപ്പോൾ. സ്റ്റോർ റൂമിലുണ്ടായിരുന്ന മറ്റ് മരുന്നുകളോ പണമോ ഒന്നും തന്നെ മോഷ്ടാക്കൾ തൊട്ടിട്ടില്ല. കൊറോണ വാക്സീൻ ലക്ഷ്യമിട്ടാണ് മോഷ്ടാക്കൾ എത്തിയതെന്ന് ഇതിൽ നിന്ന് വ്യക്തം.
സംഭവത്തിൽ അജ്ഞാതർക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു. അതേ സമയം വാക്സീൻ സൂക്ഷിച്ചിരുന്ന സ്റ്റോർ റൂമിന് സമീപം സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയോ സുരക്ഷക്കായി ഉദ്യോഗസ്ഥനെ നിയോഗിക്കുകയോ ആശുപത്രി അധികൃതർ ചെയ്തിട്ടില്ല.
കൊവിഡ് വാക്സിൻ പാഴാക്കിയെന്ന് ആരോപണം നേരിടുന്ന സംസ്ഥനങ്ങളിൽ രണ്ടാം സ്ഥാനത്താണ് ഹരിയാന. പഞ്ചാബാണ് മൂന്നാം സ്ഥാനത്ത്.