ശ്വാസം കിട്ടാതെ രോഗികള്‍ പിടഞ്ഞു വീഴുന്നു ; ഇന്ത്യ കയറ്റി അയച്ചത് 9294 മെട്രിക് ടണ്‍ ഓക്സിജന്‍; ക്ഷാമത്തിലായപ്പോള്‍ നെട്ടോട്ടം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പിടിയിലായതോടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്ന് ഓക്സിജന്റെ അപര്യാപ്തതയാണ്. വാക്സിന് ക്ഷാമത്തിനൊപ്പം ഓക്സിജന്‍ ക്ഷാമവും വന്നതോടെ അനേകം രോഗികളാണ് ശ്വാസം കിട്ടാതെ പിടഞ്ഞു പിടഞ്ഞു മരിച്ചത്്. ഓക്സിജന്‍ ക്ഷാമം നേരിട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരും നട്ടം തിരിയുകയാണ്. അതേസമയത്ത് കോവിഡ് വ്യാപന കാലത്തും കേന്ദ്രം 9294 മെട്രിക് ടണ്‍ ഓക്സിജന്‍ കയറ്റിഅയച്ചു.
ഒരു വര്‍ഷം മുമ്പ് കയറ്റി അയച്ചതിന്റെ ഇരട്ടിയാണ് കഴിഞ്ഞ വര്‍ഷം മാത്രം അയച്ചത്. നിലവില്‍ രണ്ടാം തരംഗത്തിന്റെ പിടിയില്‍ രാജ്യം പിടയുമ്പോള്‍ ഓക്സിജന്‍ ഇറക്കുമതി ചെയ്യേണ്ട സ്ഥിതിയിലാണ് രാജ്യം. കോവിഡ് വ്യാപനത്തിന്റെ ആദ്യ വരവായ 2020 – 2021 വര്‍ഷത്തിലും ഈ വര്‍ഷത്തെ സാമ്പത്തീക ആദ്യപാദത്തിലും ആയിട്ടാണ് കയറ്റുമതി ചെയ്തത്. കോവിഡിന് മുമ്പ് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 850 മെട്രിക് ടണ്‍ ആയിരുന്നു. നിലവിലെ പ്രതിദിന ഉപയോയം 4,300 മെട്രിക് ടണിലെത്തി. ബംഗ്ലാദേശിലേക്കായിരുന്നു ഇന്ത്യ ഏറ്റവും കൂടുതല്‍ ഓക്സിജന്‍ കയറ്റി അയച്ചിരുന്നത്.
8828 മെട്രിക് ടണ്‍ ഓക്സിജനാണ് ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്ന് വാങ്ങിയത്. അതേസമയം വാണിജ്യ ആവശ്യത്തിനെന്ന് പറഞ്ഞ് അയല്‍രാജ്യത്തേക്ക് ഓക്സിജന്‍ ഇന്ത്യ കയറ്റുമതി ചെയ്തപ്പോള്‍ ബംഗ്ലാദേശിലെ ലിന്റെ പോലെയുള്ള കമ്പനികള്‍ ഈ ഓക്സിജന്റെ 90 ശതമാനവും ഉപയോഗിച്ചത് ആതുരരംഗത്തെ ആവശ്യത്തിന് വേണ്ടിയായിരുന്നു. ഇന്ത്യയില്‍ നിന്ന് ദ്രവരൂപത്തിലുള്ള ഓക്സിജന്‍ വാങ്ങുന്ന ബംഗഌദേശ് പിന്നീട് മെഡിക്കല്‍ ആവശ്യത്തിന് ഉതകുന്ന രൂപത്തിലേക്ക് മാറ്റും.
2020 ഏപ്രിലിനും 2021 ജനുവരിക്കും ഇടയില്‍ ഇന്ത്യ 9,000 മെട്രിക് ടണ്‍ ഓക്സിജന്‍ കയറ്റി അയച്ചെന്നാണ് വാണിജ്യ മന്ത്രാലയം പറയുന്നത്. 2020 സാമ്പത്തിക വര്‍ഷം 4,500 ടണ്‍ ഓക്സിജനും കയറ്റി അയച്ചു. 2020 ജനുവരി മുതല്‍ 325 മെട്രിക് ടണ്ണില്‍ നിന്നും 2021 ജനുവരി എത്തുമ്പോള്‍ 734 ശതമാനമാണ് കൂടിയത്. നിലവില്‍ രാജ്യത്തിന്റെ ഉപയോഗത്തിന് ഓക്സിജന്‍ മതിയാകാതെ വന്നതോടെ മറ്റ് രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതിനായി വിദേശമന്ത്രാലയത്തോട് ആരോഗ്യമന്ത്രാലയം സാധ്യത ആരാഞ്ഞിട്ടുണ്ട്. ഇതിനൊപ്പം തന്നെ വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ ഉപയോഗത്തിന് വിലക്കും ഏര്‍പ്പെടുത്തി.
കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ അനേകം ആശുപത്രികളാണ് ഓക്സിജന്‍ ദൗര്‍ലഭ്യം അനുഭവിക്കുന്നത്. കടുത്ത ഓക്സിജന്‍ ക്ഷാമം വന്നതോടെ ഉത്തര്‍പ്രദേശിലെ ആശുപത്രികള്‍ രോഗികള്‍ തന്നെ ഓക്സിജന്‍ സംഘടിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് രോഗികളുടെ ബന്ധുക്കള്‍ സ്വന്തം നിലയ്ക്ക് ഓക്സിജന്‍ സിലിണ്ടറുകള്‍ സംഘടിപ്പിക്കുകയാണ്. ലഖ്നൗവിലെ ടോക്കാറ്റോറയ്ക്കടുത്തുള്ള ഓക്സിജന്‍ റീഫില്ലിംഗ് സെന്ററില്‍ ആശുപത്രിയ്ക്ക് മുന്നിലെന്ന പോലെ നീണ്ട ക്യൂവാണ് കാണപ്പെടുന്നതെന്നാണ് കഴിഞ്ഞ ദിവസം പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ലഖ്നൗവിലെ പല ആശുപത്രികളിലും ഓക്സിജന്റെ അഭാവം മൂലം രോഗികള്‍ക്ക് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ആശുപത്രിയിലേക്ക് രോഗികളെ എടുക്കുന്നത് പോലും ഓക്സിജന്‍ സിലിണ്ടര്‍ നിലവിലില്ല എന്ന മുന്നറിയിപ്പിലാണ്. പുറത്ത് നിന്നും ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവരാമെങ്കില് രോഗിയെ മാത്രം പ്രവേശിപ്പിക്കാമെന്നതാണ് സ്വകാര്യ ആശുപത്രികളുടെയും നിലപാട്. ലഖ്നൗവിലെ നാദര്ഗഞ്ച് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഏറ്റവും വലിയ ഓക്സിജന്‍ പ്ലാന്റിന് പുറത്ത് 24 മണിക്കൂര്‍ ഓക്സിജന്‍ എടുക്കാന്‍ ആളുകള്‍ നില്‍ക്കുന്നതാണ് സ്ഥിതി.