അവശ്യ മരുന്ന് പൂഴ്ത്തിവെച്ച് സ്വന്തം ആള്‍ക്കാര്‍ക്ക് കൊടുക്കുന്നു ; ഗൗതംഗംഭീറിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസും ആപ്പും
ന്യൂഡല്‍ഹി: കോവിഡ് കത്തിക്കയറുന്ന കാലത്ത് തന്റെ മണ്ഡലത്തില്‍ ഉള്ളവര്‍ക്ക് സൗജന്യ പ്രതിരോധ മരുന്ന് നല്‍കുമെന്ന മുന്‍ ക്രിക്കറ്റ് താരവും എംപിയുമായ ഗൗതം ഗംഭീറിന്റെ പ്രഖ്യാപനം വന്‍ വിവാദം സൃഷ്ടിക്കുന്നു. താരത്തിന്റെ പ്രഖ്യാപനത്തിനെതിരേ ആം ആദ് മി പാര്‍ട്ടിയും കോണ്‍ഗ്രസും രംഗത്തെത്തി. ഡല്‍ഹി സംസ്ഥാനം മുഴുവനും കോവിഡ് മരുന്നുകളുടെ ദൗര്‍ലഭ്യം നേരിടുമ്പോള്‍ മരുന്നുകള്‍ ആശുപത്രിയ്ക്ക് നല്‍കാതെ തന്റെ മണ്ഡലമായ കിഴക്കന്‍ ഡല്‍ഹിയിലെ ആള്‍ക്കാര്‍ക്ക് നല്കാന് ഒരുങ്ങുന്ന ഗംഭീറിന്റെ നടപടിയെ ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നാണ് ആവശ്യം.
ആന്റി വൈറല്‍ മരുന്നായ ഫാബിഫ്ളൂ തന്റെ ഓഫീസില്‍ നിന്നും കിഴക്കന്‍ ഡല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി നല്‍കുന്നുണ്ടെന്നും ആധാര്‍ കാര്‍ഡും ഡോക്ടറിന്റെ കുറിപ്പുമായി എത്തിയാല്‍ വാങ്ങാമെന്നും കഴിഞ്ഞ ദിവസമാണ് ഗംഭീര്‍ ട്വീറ്റ് ചെയ്തത്. എന്നാല്‍ റംഡിസിവറും ഫാബിഫഌവും പോലെയുള്ള അത്യാഹിത മരുന്നുകള്‍ വിപണിയില്‍ കിട്ടാത്തതിന് കാരണം ഗംഭീറിനെ പോലെയുള്ളവര്‍ നടത്തിയ പൂഴ്ത്തിവെപ്പാണെന്നും എംപിയ്ക്ക് എതിരേ ക്രിമിനല്‍ കുറ്റത്തിന് കേസെടുക്കണമെന്നും എഎപി നേതാക്കള്‍ ആവശ്യപ്പെടുന്നു. ഗുജറാത്തിലും സമാന സ്ഥിതി കണ്ടതാണെന്നും എഎപി നേതാവ് രാജേഷ് ശര്‍മ്മ ട്വീറ്റ് ചെയ്തു. എഎപി നേതാവ് സോംനാഥ് ഭാരതി ഗംഭീറിനെ ക്രിമിനല്‍ എന്നാണ് വിശേഷിപ്പിച്ചത്.
സ്വന്തം താല്‍പ്പര്യത്തിനായി ഒരു എംപി മരുന്ന് പൂഴ്ത്തി വെയ്ക്കുകയും അത് ആശുപത്രികള്‍ക്ക് കൈമാറാതെ സ്വജന പക്ഷപാതമായി നല്‍കുകയും ചെയ്യുന്നതിനെ ക്രിമിനല്‍ എന്നല്ലാതെ പിന്നെ എന്താണ് വിളിക്കേണ്ടതെന്നും ചോദിച്ചു. നിയമപരമായിട്ടാണോ ഗംഭീര്‍ മരുന്നു വിതരണം നടത്തുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ചോദ്യം. എത്രമാത്രം ഫാബിഫ്ളൂ നിങ്ങളടെ കൈവശം ഉണ്ടെന്നും ഇത്രമാത്രം ഫാബിഫഌ നിങ്ങള്‍ എങ്ങിനെയാണ് ശേഖരിച്ചതെന്നും കോണ്‍ഗ്രസ് നേതാവ് പവന് ഖേരാ ചോദിച്ചു. ഇത് നിയമപരമാണോ എന്നും മരുന്നു കടകളില്‍ ഫാബി ഫഌവിന് ദൗര്‍ലഭ്യതയ്ക്ക് കാരണം ഈ അനധികൃത പൂഴ്ത്തിവെയ്പ്പും വിതരണവുമല്ലേ എന്നും പവന് ഖേരാ ചോദിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി ഡല്‍ഹിയില്‍ കോവിഡ് രോഗികളുടെ എണ്ണം വന്‍ തോതില്‍ കൂടുകയാണ്. ചൊവ്വാഴ്ച 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 28,000 കേസുകളാണ്. കഴിഞ്ഞ വര്‍ഷം രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുതലുള്ള ഡല്‍ഹിയിലെ പ്രതിദിന കണക്കില്‍ ഏറ്റവും കൂടുതലാണ് ഇത്. കേസുകളുടെ എണ്ണം അനിയന്ത്രിതമായി കൂടിയതോടെ നഗരത്തിലെ ആരോഗ്യ അടിസ്ഥാന സൗകര്യം പോലും തകര്‍ന്നു. ആശുപത്രികളില്‍ ബെഡ്ഡുകളും മരുന്നുകളും ഓക്സിജന്റെയുമെല്ലാം ദൗര്‍ലഭ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.