സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത നായര്‍ അറസ്റ്റില്‍. ചെക്ക് കേസില്‍ വാറണ്ട് പുറപ്പെടുവിച്ചിട്ടും തുടര്‍ച്ചയായി ഹാജരാകാത്തതിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഇന്നു ഇന്നു രാവിലെ കോഴിക്കോട് കസബ പോലീസ് തിരുവനന്തപുരത്തെത്തിയാണ് അറസ്റ്റ് ചെയ്തത്.
സോളാര്‍ തട്ടിപ്പുകേസില്‍ ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് കോടതികളില്‍ സരിതയ്ക്കെതിരേ വാറണ്ട് നിലനില്‍ക്കുന്നുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതി മൂന്ന് ആണ് വാറണ്ട് പുറപ്പെടുവിച്ചത്. ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.
സോളാര്‍ പാനല്‍ വെച്ചുകൊടുക്കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാണ് കേസ്. കസബ പോലീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 42 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്നാണ് അബ്ദുള്‍ മജീദ് എന്ന പരാതിക്കാരന് ആരോപിച്ചിരുന്നത്. കഴിഞ്ഞ മാസം കേസിന്റെ വിധി വരാനിരിക്കുകയായിരുന്നു. എന്നാല്‍ സരിത നായര്‍ ഹാജരായിരുന്നില്ല.
ഒട്ടേറെ കോടതി വാറണ്ടുകളുണ്ടായിട്ടും തൊഴില്‍ത്തട്ടിപ്പുകേസില്‍ പ്രതിയായിട്ടും സരിതയെ അറസ്റ്റുചെയ്യാത്ത പോലീസ് നടപടി വിവാദമായിരുന്നു.