അനധികൃത നിര്‍മാണം : കെ എം ഷാജി എംഎല്‍എ വീടിന്റെ ഭാഗം പൊളിച്ചു
കോഴിക്കോട്:അനധികൃത നിര്‍മാണക്കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കെ എം ഷാജി എംഎല്‍എ ആഡംബര വീടിന്റെ ഒരു ഭാഗം പൊളിച്ചുമാറ്റി. വീടിനോട് ചേര്‍ന്നും ഓപ്പണ്‍ ടെറസിലും ഷീറ്റിട്ട് നിര്‍മിച്ച ഭാഗങ്ങളാണ് പൊളിച്ചുമാറ്റിയത്. നിര്‍മാണം ക്രമപ്പെടുത്താനുള്ള അപേക്ഷയില്‍ കോര്പറേഷന് നടപടി സ്വീകരിക്കുന്നതിനിടെയാണിത്. 500 ചതുരശ്ര അടിയോളം ഭാഗമാണ് കുറച്ചത്.
മാലൂര്‍കുന്നില്‍ 3200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീട് നിര്‍മിക്കാനായിരുന്നു മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജിയുടെ ഭാര്യ കെ എം ആശ കോര്‍പറേഷനില്‍ അനുമതിതേടിയത്. നിര്‍മിച്ചതാകട്ടെ 5420 ചതുരശ്ര അടി വലുപ്പത്തിലുള്ള കൂറ്റന്‍ ബംഗ്ലാവും. വീട് നിര്‍മിച്ചശേഷം പ്ലാന്‍ പുതുക്കി നല്‍കുകയോ നികുതി അടയ്ക്കുകയോ ചെയ്തില്ല. തുടര്‍ന്ന് വീട് പൊളിച്ചുമാറ്റാതിരിക്കാന്‍ കാരണം ബോധിപ്പിക്കാന്‍ കോര്പറേഷന് നോട്ടീസ് നല്‍കിയിരുന്നു. പ്ലാനില്‍ ഇല്ലാത്ത ഭാഗങ്ങള്‍ നികുതിയടച്ച് ക്രമപ്പെടുത്താനും പിഴയടയ്ക്കാനും തയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു ഇത്.
നിര്മിച്ചതുമുതലുള്ള നികുതിയും പിഴയുമൊടുക്കേണ്ടിവരുമെന്നതിനാലാണ് വീടിന്റെ അളവ് കുറക്കുക എന്ന തീരുമാനത്തിലേക്ക്ഷാജി തിരിഞ്ഞത്. വീടിന്റെ ഓപ്പണ്‍ ടെറസില്‍ അലുമിനിയം ഷീറ്റിന്റെ മേല്‍ക്കൂരയുള്ള ഭാഗങ്ങള്‍ ഒഴിവാക്കി. വീടിന് സമീപത്തായി ഷീറ്റിട്ട് നിര്‍മിച്ച മറ്റൊരു ഭാഗവും പൊളിച്ചു. സ്റ്റീല്‍ പൈപ്പുകള്‍ ഉപയോഗിച്ചുള്ള നിര്‍മിതിയും ഒഴിവാക്കി.
അളവ് കുറച്ചെന്നുകാണിച്ച് നികുതിയും പിഴയും അടയ്ക്കുന്നതില്‍നിന്ന് തടിയൂരാനാണ് എംഎല്‍എ ലക്ഷ്യമിടുന്നതെന്നാണ് സംശയം. തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു പൊളിച്ചുമാറ്റല്‍. വിജിലന്‍സ് അന്വേഷണസംഘം എത്തുംമുമ്പ് വീടിന്റെ വിസ്തീര്‍ണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണിതെന്നാണ് സൂചന. അളവ് കുറച്ചതായി കാണിച്ചുള്ള പ്ലാന്‍ മാത്രമാണ് ഷാജി നല്‍കിയത്. കൃത്യമായ അളവ് കാണിച്ചുള്ള കാല്ക്കുലേഷന് സ്കെച്ച് നല്‍കണമെന്നാണ് കോര്പറേഷന് എന്‍ജിനിയറിങ് വിഭാഗം നല്കിയ നിര്‍ദേശം.
സമയം കഴിയുന്നു; ഇനിയും രേഖയില്ല
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് നല്കിയ സമയപരിധി വ്യാഴാഴ്ച അവസാനിക്കുമ്പോഴും രേഖകള്‍ ഹാജരാക്കാതെ മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എ. കോടതി നിര്‍ദേശപ്രകാരം പ്രാഥമികാന്വേഷണം നടത്തി കേസെടുത്തതിനെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍ അരക്കോടിയോളം രൂപ ഷാജിയുടെ വീട്ടില്‍നിന്ന് പിടിച്ചെടുത്തിരുന്നു. ഈ പണത്തിന്റെ ഉറവിടം സംബന്ധിച്ച രേഖകളും വീടിന്റെയും മറ്റ് സ്വത്തുക്കളുടെയും വിവരങ്ങളുമാണ് ഹാജരാക്കാന്‍ നിര്‍ദേശിച്ചത്.
കഴിഞ്ഞ ദിവസം ഷാജിയെ വിജിലന്‍സ് സംഘം ആറ് മണിക്കൂര്‍ ചോദ്യംചെയ്തിരുന്നു. ചോദ്യംചെയ്യലിന് എത്തുമ്പോള്‍ രേഖകള്‍ കൊണ്ടുവരണമെന്ന നിര്‍ദേശവും പാലിച്ചില്ല. തെരഞ്ഞെടുപ്പിന് പണം പിരിക്കാന്‍ തീരുമാനിച്ചതായുള്ള യോഗതീരുമാനത്തിന്റെ മിനിട്സ് പകര്‍പ്പ് മാത്രമാണ് കൊണ്ടുവന്നത്. ഇത് രേഖയായി അംഗീകരിക്കാനാകില്ലെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.