പെറ്റുവീണ നാടിനെ നാറ്റിച്ച് നാട്ടുകാർ.
ലോറി അപകടം ആഘോഷമാക്കി കർണാടക ചിക്ക്മംഗ്ലൂരു ഗ്രാമവാസികൾ..!
ഇങ്ങനെയും ഉണ്ടോ ജനങ്ങൾ.. ബിയറിൽ കുളിച്ചു മുങ്ങിയവരുടെ കഥ അറിയൂ..
തരീക്കരെ (കർണാടക ):ബിയർ ലോഡുമായി പോവുകയായിരുന്ന ലോറി അപകടത്തിൽ പെട്ടപ്പോൾ നാട്ടുകാർ നടത്തിയ ‘രക്ഷാ പ്രവർത്തനം’ കർണാടകയിലെ ചിക്മാംഗ്ലൂർ തരിക്കാരെ പ്രദേശത്തിന് സമ്മാനിച്ചത് തീർത്താൽ തീരാത്ത നാണക്കേട്. ഏപ്രിൽ 20 ന് ചൊവ്വാഴ്ച വൈകുന്നേരമാണ് വാർത്തയ്ക്ക് പിന്നിലെ സംഭവം അരങ്ങേറിയത്. ബാംഗ്ലൂരുവിൽ നിന്ന് ബിയർ ലോഡുമായി വരുമ്പോൾ ചിക്മാംഗ്ലൂരിലെ തരിക്കാരെ പ്രദേശം കടന്നുപോകുമ്പോഴാണ് ബിയർ ലോറി മറിയുന്നത് . അപകടത്തിൽപെട്ട ലോറിയിൽ നിന്നും കുറച്ചു ബിയർ ബോക്സുകൾ റോഡിൽ വീഴുകയും ചെയ്തു. ഇതോടെ അപകടം കണ്ട് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റു കിടന്ന ഡ്രൈവറെയും ക്ലീനറെയും അവഗണിച്ച് ബിയർ ബോക്സുകൾ ആക്രാന്തം കാട്ടി ശേഖരിക്കാൻ തുടങ്ങി. തങ്ങളെ ആശുപത്രിയിലെത്തിക്കാൻ ലോറിക്കാർ നിലവിളിച്ച് പറഞ്ഞിട്ടും ആരും ചെവികൊടുത്തില്ല . അപകടവിവരമറിഞ്ഞ് സമീപത്തെ ഗ്രാമങ്ങളിൽ നിന്നും നൂറുകണക്കിന് പേർ ഇവിടെ ഓടിക്കൂടി. ഇതോടെ റോഡിൽ വീണ ബിയർ കുപ്പികൾ തികയാതെ വന്നപ്പോൾ ലോറിയിൽ നിന്ന് മറ്റു ബോക്സുകളും അടിച്ചുമാറ്റിത്തുടങ്ങി. ഇതിനിടയിൽ എത്തിയ തരിക്കാരെ പോലീസിനും ബിയർ കുപ്പികൾക്ക് കടിപിടി കൂടുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പോലീസിൻറെ കൺമുന്നിൽ തന്നെ ലോറിയിൽ കയറി ബിയർ ബോട്ടിലുകൾ അടിച്ചു മാറ്റുന്നത് കാണാമായിരുന്നു. ഏറെ പ്രയാസപ്പെട്ടാണ് ഡ്രൈവറെയും സഹായിയെയും പോലീസ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിനിടയിൽ ലോറിയിലുണ്ടായിരുന്ന മുക്കാൽഭാഗം ബിയർ ബോക്സുകളും അപ്രത്യക്ഷമായി കഴിഞ്ഞിരുന്നു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിച്ച ഒരു പോലീസുകാരന് ബഹളത്തിനിടയിൽ പരിക്കേൽക്കുകയും ചെയ്തു.ഒരു നാട്ടിനാകെ നാണക്കേട് സമ്മാനിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന ആളുകളെ പ്രതിചേർത്തു തരീക്കരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്