സിപിഎം പ്രാദേശിക നേതാവിന്റെ ആഡംബര വസതിയുടെ മേന്മ കൂട്ടാൻ പാർട്ടി പിന്തുണയോടെ സർക്കാർ ഭൂമി കൈയ്യേറി മതിൽ കെട്ടാൻ ശ്രമം. പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസിന് പുല്ലുവില.ഡിവൈഎഫ് ഐക്ക് എന്തെ ഇവിടെ കൊടികുത്തേണ്ടേ ?
കാസർകോട്: കാസർകോട് അജാനൂർ പഞ്ചായത്തിലെ ചാലിയം നായിൽ പ്രദേശത്ത് നിർമ്മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ തറയും ഷെഡും പൊളിച്ച് കൊടി നാട്ടിയ സംഭവം ആരെയും ഞെട്ടിക്കുന്നതായിരുന്നു. പഞ്ചായത്തിന്റെ എല്ലാ അനുമതികളോടെ ആരംഭിച്ച വീടു നിർമ്മാണ പ്രവർത്തനങ്ങൾക്കിടെ കൊടി നാട്ടാൻ കാരണമായത് തെരഞ്ഞെടുപ്പ് പിരിവ് നൽകിയില്ല എന്ന കാരണത്താലാണെന്നാണ് പരാതിക്കാരൻ പറയുന്നത്. എന്നാൽ ഡിവൈഎഫ്ഐയുടെ വാദം വെറ്റ്ലാൻഡിലാണ് വീട് ഉയരുന്നതെന്നും പരിസരത്ത് ഭൂമിയിൽ കൃഷി ചെയ്യുന്ന നെല്ല് ,മധുരക്കിഴങ്ങ് ,ചീര ,വെള്ളരി ഉൾപ്പടെയുള്ള വിഭവങ്ങൾക്ക് അത് ബുദ്ധിമുട്ടായി മാറുമെന്നാണ്. മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ പൊതുമരാമത്ത് റോഡും പുറമ്പോക്ക് ഭൂമിയും കൈയ്യേറി പ്രാദേശിക സിപിഎം നേതാവ് തൻ്റെ അനധികൃത ആഡംബര വസതിക്ക് മതിൽ പണിയുമ്പോൾ ഡിവൈഎഫ്ഐ പ്രവർത്തക്കർ കൂടെ നിന്ന് ഒത്താശ ചെയ്യുകയാണെന്നാണ് യുഡിഎഫ് പ്രവർത്തകരും പരിസരവാസികളും ആരോപിക്കുന്നത്. “കുറച്ചുകൂടി കൈയേറിയൽ റോഡിന് നടുക്ക് തന്നെ മതിൽക്കെട്ടമായിരുന്നുവെന്നും” ഇവർ പരിഹസിക്കുന്നു. അനധികൃത ഭൂമി കയ്യേറ്റത്തിന് സിപിഎമ്മിന്റെ പൂർണ പിന്തുണ ഉള്ളതായും ഇവർ പറയുന്നു. മൊഗ്രാൽപുത്തൂർ പഞ്ചായത്തിലെ പന്നിക്കുനില് (കുന്നിൽ) ശ്രീബാഗിലുവിൽ പൊതുമരാമത്ത് കോൺഗ്രീറ്റ് റോഡിനോട് ചേർന്ന് 7 മീറ്റർ വീതിയിലും 30 തോളം മീറ്റർ നീളത്തിലുമാണ് സിപിഎം പ്രാദേശിക നേതാവായ അബ്ദുറഹിമാൻ ഓഫിന്റെ ആഡംബര വസതിക്ക് നിയമത്തെ നോക്കുകുത്തിയാക്കി മതിൽ നിർമ്മിക്കുന്നത്.
നേരത്തെ സമാനരീതിയിൽ ഭൂമി കൈയ്യേറി മതിൽ നിർമിക്കാൻ ശ്രമിച്ചപ്പോൾ പരാതി ഉയർന്നതിനെതുടർന്ന് പഞ്ചായത്ത് പണി നിർത്തിവെക്കാൻ ഉത്തരവിട്ട് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു. എന്നാൽ പഞ്ചായത്ത് അധികൃതർ നൽകിയ സ്റ്റോപ്പ് മെമ്മോയെ അവഗണിച്ച് കോവിഡിന്റെ മറവിൽ പ്രാദേശിക നേതാവ് വീണ്ടും മതിൽ നിർമ്മിക്കാൻ ശ്രമിക്കുകയായിരുന്നു . സംഭവം ശ്രദ്ധയിൽപ്പെട്ട മൊഗ്രാൽപുത്തൂർ പഞ്ചായത്ത് സെക്രട്ടറി നിർമ്മാണ പ്രവർത്തനങ്ങൾ ഉടനടി നിർത്തിവെക്കാനും കയ്യേറ്റ ഭൂമിയിൽ നടത്തിയ നിർമ്മാണങ്ങൾ ഉടൻ പൊളിച്ചു നീക്കണമെന്ന് നിർദ്ദേശിച്ച് വീണ്ടും ഉത്തരവ് നൽകിയിരിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ രാഷ്ട്രീയ ബലത്തിൽ പൂർത്തീകരിക്കുമെന്നാണ് നേതാവിൻറെ വെല്ലുവിളി. തൻറെ കൂടെ പാർട്ടി ഉള്ളപ്പോൾ തനിക്ക് പേടി ഇല്ലന്നാണ് ഇദ്ദേഹത്തിൻറെ വീരവാദം. കൃത്യമായി നിയമലംഘനം കയ്യേറ്റവും നടന്നവെന്ന് പഞ്ചായത്ത് സെക്രട്ടറി കണ്ടെത്തിയിട്ടും അനധികൃത കയ്യേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കാൻ തടസ്സമാകുന്നത് നേതാവിന്റെ രാഷ്ട്രീയ പിൻബലം ആണെന്ന് പരാതിക്കാർ പറയുന്നു. ഡിവൈഎഫ് ഐക്ക് എന്തു കൊണ്ട് ഇവിടെ കൊടി കുത്താൻ സാധിക്കുന്നില്ല എന്നാണ് യുഡിഎഫ് പ്രവർത്തകർ പരിഹസിക്കുന്നത്.
പുറമ്പോക്ക് സ്ഥലമാണെന്നും മതിൽ കെട്ടിയത് ഉടൻ പൊളിച്ചു മാറ്റണമെന്നും ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും കാണിച്ചു പഞ്ചായത്ത് സെക്രെട്ടറിയും വില്ലജ് ഓഫീസറും ഒടുവിൽ നൽകിയ നോട്ടീസും കൈപ്പറ്റാൻ കയ്യേറ്റക്കാരൻ കൂട്ടാക്കിയില്ല,
കയ്യേറ്റക്കാരന് വേണ്ടി നാട്ടുകാർ നോക്കിനിൽക്കെ ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ചില സി.പി.എം നേതാക്കൾ ശ്രമിച്ചതായി നാട്ടുകാർ പറയുന്നു. ഇത് പ്രദേശത്ത് ചെറിയ രീതിയിൽ സംഘർഷത്തിന് വഴിവച്ചു. കയ്യേറ്റക്കാരന് എതിരെ ക്രിമിനൽ കുറ്റം ചുമത്തി കേസെടുക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മാത്രമല്ല ഇദ്ദേഹം കെട്ടിട നിർമാണ ചട്ടം ലംഘിച്ചാണ് വീട് പണിത് താമസിക്കുന്നത്.വീടിന് ഇത് വരെ പ്രാദേശിക ഭരണ കൂടത്തിൽ നിന്നും നമ്പർ ലഭിച്ചിട്ടില്ല. അനധികൃതമായി പണിത രമ്യഹർമം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് നേരത്തെ പഞ്ചായത്ത് നോട്ടീസും നല്കിയിരുന്നെങ്കിലും നേതാവിന്ന് ഇതൊന്നും ബാധകമായിരുന്നില്ല.സർക്കാർ ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങളും ഇവിടെ മുറിച്ചുമാറ്റപ്പെട്ടുണ്ട്. ഇതിനെതിരെ നാട്ടുകാർ ഒപ്പുശേഖരിച്ചു പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല. പ്രാദേശിക നേതാവിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിച്ച് നടപടികൾ കൈക്കൊള്ളണമെന്നണ് പരിസരവാസികളുടെ ആവശ്യം