പിതാവിന്റെ രോഗം ഗുരുതരം, തന്റെ സാമീപ്യം വേണം; ജാമ്യം തേടി ബിനീഷ് കോടിയേരി
ബംഗളൂരു:കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരി ജാമ്യം തേടി കർണാടക ഹൈക്കോടതിയിൽ. പിതാവ് കോടിയേരി ബാലകൃഷ്ണന്റെ രോഗം ഗുരുതരമാണെന്നും, തന്റെ സാമീപ്യം ആവശ്യമാണെന്നും, അതിനാൽ ജാമ്യം നൽകണമെന്നുമാണ് ബിനീഷിന്റെ ആവശ്യം. കോടിയേരിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച മെഡിക്കൽ സർട്ടിഫിക്കറ്റും ഹാജരാക്കി.
കേസിൽ ബിനീഷിനുവേണ്ടി അഡ്വ. കൃഷ്ണൻ വേണുഗോപാൽ ഹാജരായി. ജാമ്യാപേക്ഷ കോടതി 22ന് വീണ്ടും പരിഗണിക്കും. വ്യാഴാഴ്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) എതിർവാദം കോടതി കേൾക്കും. ലഹരിമരുന്ന് ഇടപാടുമായി ബന്ധപ്പെടുത്തി ഇഡി അന്വേഷിക്കുന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാലാം പ്രതിയാണ് ബിനീഷ്.2020 ഒക്ടോബർ 29നാണ് ബിനീഷ് കോടിയേരിയെ ഇഡി അറസ്റ്റുചെയ്തത്.നവംബർ 11മുതൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.കഴിഞ്ഞ ഫെബ്രുവരിയിൽ ബംഗളൂരു സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.