എന്റെ പൊന്നുമകളെ ഒന്നു കാണിക്കുവോ….” മകളെ അവസാനമായി കാണാനുള്ള ആ അമ്മയുടെ സങ്കടം; കണ്ടു നില്ക്കാനാവാതെ നാട്ടുകാരും
മുതലമട(പാലക്കാട് ):സംസാരശേഷിയില്ലാത്ത സുമയെ വീടിനുള്ളില്‍ വെന്ത് മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. പിന്നിട് ആ വീട്ടില്‍ അരങ്ങേറിയ സംഭവങ്ങള്‍ കണ്ടു നില്ക്കാന് പോലും നാട്ടുകാര്‍ക്ക് ആയില്ല. ”എന്റെ പൊന്നുമകളെ ഒന്നു കാണിക്കുവോ….” എന്ന് ചോദിച്ച് സുമയുടെ അമ്മ രുഗ്മണി പൊട്ടി കരഞ്ഞപ്പോള്‍ ആര്‍ക്കും കണ്ണീരടക്കാനായില്ല. മകളെ വീട്ടില്‍ ആക്കി മുതലമട പുളിയന്തോണിയില്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ രുഗ്മണി തിരികെ എത്തുന്നതിന് മുമ്പ് തന്നെ മകളുടെ വിയോഗ വാര്‍ത്തയറിഞ്ഞു.
ഒന്നും കാണാന്‍ പോലും സാധിക്കാതെയായിരുന്നു സുമയുടെ മരണം. മുറിക്കുള്ളില്‍ വെന്തു മരിച്ച നിലയില്‍ കണ്ട സുമയുടെ മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി ആംബുലന്‍സില്‍ ജില്ലാ ആസുപത്രിയിലേക്ക് മാറ്റുന്നതിനിടെ തനിക്കൊപ്പം പിറന്നവളെ കാണാനാകാതെ ബന്ധുക്കളുടെ കൈകളില്‍ കിടന്ന് അലറി വിളിച്ച സുമയുടെ ഇരട്ട സഹോദരി സുധയും നാടിനെ കണ്ണീരിലാഴ്തി.
ഇരട്ട സഹോദരി സുധയുടെ വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. മാര്‍ച്ച് 28നു ചിറ്റൂര്‍ സ്വദേശിയുമായാണ് സുമയുടെ വിവാഹ നിശ്ചയം നടത്തിയിരുന്നത്. വീടു പൂര്‍ണമായും കത്തിനശിച്ചതു കണക്കിലെടുത്തു പഞ്ചായത്ത് ഭരണസമിതി ഇടപെട്ടു കുടുംബാംഗങ്ങളെ മണലിയിലെ അങ്കണവാടി കെട്ടിടത്തിലേക്കു മാറ്റി.