മോഷ്ടിച്ച പണം കൊണ്ട് സമൂഹവിവാഹവും മെഡിക്കല്‍ ക്യാമ്പുകളും നടത്തും ; ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ മോഷണം നടത്തിയത് ബീഹാര്‍ റോബിന്‍ഹുഡ് ഇര്ഫാന്
തിരുവനന്തപുരം: ഭീമ ജ്വല്ലറി ഉടമ ഡോ.ബി.ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയത് കുപ്രസിദ്ധ തസ്ക്കരവീരന്‍ ബിഹാര്‍ റോബിന്‍ഹുഡെന്ന് പോലീസ്. ബീഹാര്‍ പോലീസിനെ ഇക്കാര്യം പ്രത്യേക സംഘം അറിയിച്ചു. വിവിധ മോഷണക്കേസുകളില്മേല് ഡല്‍ഹി പൊലീസ് പിടികൂടുമ്പോള്‍ ഇയാളെക്കുറിച്ചുളള വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ആ വിവരങ്ങളാണ് ഇയാളെ തിരിച്ചറിയാന്‍ കേരള പോലീസിനെ സഹായിച്ചത്.
കൈയില്‍ കുത്തിയ പച്ചയില്‍ കണ്ട സ്ത്രീ റോബിന്‍ഹുഡെന്ന് അറിയപ്പെടുന്ന ഇര്‍ഫാന്റെ കാമുകി പൂജയുടേതാണെന്ന് അന്വേഷണ സംഘം . മോഷ്ടിക്കുന്ന പണത്തിന്റെ ഒരു വിഹിതം പാവപ്പെട്ട വീട്ടിലെ വിവാഹത്തിനായി ഇര്ഫാന് ചെലവഴിക്കും. ബാക്കി തുക അടിച്ചുപൊളിക്കും. പബ്ബുകളിലും ആഢംബര ഹോട്ടലുകളിലും നിത്യസന്ദര്‍ശകനാണ് ഇര്ഫാന്. ആഡംബര ജീവിതം നടത്തുന്നതിനാണ് ഇര്ഫാന് കവര്‍ച്ച നടത്തുന്നത്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കും.
കഴിഞ്ഞ ആഴ്ചയാണ് ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും മോഷണം പോയത്. സി സി ടി വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം പതിഞ്ഞെങ്കിലും ഒരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ആന്ധ്രാപ്രദേശ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. റോബിന്‍ഹുഡെന്ന ഇര്‍ഫാനെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസമാണ് പോലീസ് പ്രകടിപ്പിക്കുന്നത്.