ഓക്സിജൻ വിൽക്കാനുള്ള ചവറയിലെ കേരള മെറ്റൽസ് ആൻഡ് മിനറൽസിന്റെ നീക്കത്തിന് വിലങ്ങിട്ട് സർക്കാർ
കൊച്ചി ∙ ദ്രവ ഓക്സിജൻ ഉൽപാദന രംഗത്തുള്ള വിദേശ കമ്പനിക്ക്, ഓക്സിജൻ വിൽക്കാനുള്ള ചവറയിലെ കേരള മെറ്റൽസ് ആൻഡ് മിനറൽസിന്റെ (കെഎംഎംഎൽ) നീക്കം സർക്കാർ തടഞ്ഞു.
സംസ്ഥാനത്തു മെഡിക്കൽ ഓക്സിജന്റെ ഉപയോഗം വർധിക്കുന്നതിനിടെയാണു രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ സ്വന്തം ഓക്സിജൻ പ്ലാന്റുകളും രാജ്യമെമ്പാടും വിതരണ ശൃംഖലയുമുള്ള കമ്പനിക്ക് ഓക്സിജൻ വിൽക്കാൻ കെഎംഎംഎൽ മുതിർന്നത്. പുറത്തേക്ക് ഓക്സിജൻ നൽകുന്നതു നിർത്താനും ഇവിടെ നിന്നുള്ള അധിക ഉൽപാദനം ആരോഗ്യവകുപ്പിനു നൽകാനും സർക്കാർ നിർദേശിച്ചു.
കെഎംഎംഎല്ലിന്റെ പ്രതിദിന ഓക്സിജൻ ഉൽപാദനമായ 70 ടണ്ണിൽ സ്ഥാപനത്തിന്റെ ആവശ്യത്തിനുള്ള 63 ടൺ കഴിച്ചുള്ള 7 ടൺ തെക്കൻ ജില്ലകളിലെ സർക്കാർ, സ്വകാര്യ ആശുപത്രികൾക്കാണു ലഭിച്ചിരുന്നത്. ഇത് അവസാനിപ്പിച്ച് ബാക്കി ഓക്സിജൻ നൽകാനാണു വിദേശ കമ്പനി ആവശ്യപ്പെട്ടത്. കെഎംഎംഎല്ലിനായി ഓക്സിജൻ പ്ലാന്റ് നിർമിച്ചു നൽകിയത് ഈ കമ്പനിയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജുൾപ്പെടെ സംസ്ഥാനത്തെ ചില ആശുപത്രികളിലെ ഓക്സിജൻ വിതരണത്തിന്റെ ചുമതല ഇവർക്കാണ്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തെ വിതരണക്കാർ ഓക്സിജനായി സമീപിച്ചപ്പോഴാണു നീക്കം അറിഞ്ഞത്. തുടർന്നാണു സർക്കാർ ഇടപെട്ടത്.