സി പി ഐ യും ഉറപ്പിച്ചു..ഉറപ്പാണ് എല്‍ ഡി എഫ്
തിരുവനന്തപുരം: 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 19 സീറ്റ് നേടിയ തങ്ങള്‍ക്ക് ഇക്കുറി ഉറച്ച വിജയപ്രതീക്ഷ 13 സീറ്റിലെന്ന് സി.പി.ഐ. കഴിഞ്ഞ തവണ നേടിയ സീറ്റുകള്‍ സി.പി.എമ്മിനും നിലനിര്‍ത്താന്‍ കഴിയില്ലെന്നും സി.പി.ഐ വിലയിരുത്തുന്നു. മണ്ഡലം, ജില്ല കമ്മിറ്റികളില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ഇത്തവണ ചുരുങ്ങിയത് 13 സീറ്റ് ലഭിക്കുമെന്നും കൂടിയാല്‍ 16 വരെ ആകാമെന്നുമാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്. എങ്കിലും 76നും 83നുമിടക്ക് സീറ്റുകള്‍ നേടി ഇടതുമുന്നണി വീണ്ടും അധികാരത്തില്‍ വരുമെന്നാണ് സി.പി.ഐ നിഗമനം. വ്യാഴാഴ്ച ചേരുന്ന നിര്‍വാഹക സമിതി യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് വിശദമായ വിശകലനവും വിലയിരുത്തലുമുണ്ടാകും.
കൊടുങ്ങല്ലൂര്‍, ഒല്ലൂര്‍, നാട്ടിക, കയ്പമംഗലം, ചാത്തന്നൂര്‍, പുനലൂര്‍, ചടയമംഗലം, ചിറയിന്‍കീഴ്, ചേര്‍ത്തല, അടൂര്‍, വൈക്കം, നാദാപുരം, കാഞ്ഞങ്ങാട് എന്നീ മണ്ഡലങ്ങളില്‍ വിജയം ഉറപ്പാണെന്ന് സി.പി.ഐ കണക്കുകൂട്ടുന്നു. സീറ്റിങ് സീറ്റുകളായ നെടുമങ്ങാട്, കരുനാഗപ്പള്ളി, പീരുമേട്, മൂവാറ്റുപുഴ, പട്ടാമ്പി എന്നിവിടങ്ങളില്‍ ബലാബലമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ബി.ജെ.പിക്കുവേണ്ടി കളത്തിലിറങ്ങിയ നടന് സുരേഷ് ഗോപി വന്‍തോതില്‍ വോട്ടുപിടിച്ചില്ലെങ്കില് തൃശൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കാനാവുമെന്ന് പാര്‍ട്ടി കരുതുന്നില്ല. മണ്ണാര്‍ക്കാട്?, തിരൂരങ്ങാടി മണ്ഡലങ്ങളില്‍ ഇത്തവണ ഏറെ മെച്ചപ്പെട്ട പ്രകടനം നടത്താനാവുമെന്നാണ് നിഗമനം. ഇക്കുറി 25 സീറ്റുകളിലാണ് സി.പി.ഐ അങ്കത്തിനിറങ്ങിയത്.
2016ല്‍ 27 സീറ്റില്‍ മത്സരിച്ച സി.പി.ഐ 19 സീറ്റില്‍ ജയം നേടിയിരുന്നു. ഇത്തവണ അത്തരമൊരു ജയം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയില്ലെന്നാണ് വിലയിരുത്തല്‍. സി.പി.എമ്മിനും കഴിഞ്ഞ തവണ നേടിയ അത്രയും സീറ്റുകളില്‍ വിജയത്തിലെത്താന്‍ കഴിയുമെന്നും സി.പി.ഐ കരുതുന്നില്ല. 2016ല്‍ 91 സീറ്റ് നേടി അധികാരം പിടിച്ച എല്‍.ഡി.എഫിന് ഇക്കുറി ആ പ്രകടനം ആവര്ത്തിക്കാനാവില്ലെങ്കിലും ചെറിയ ഭൂരിപക്ഷത്തോടെ ജയിക്കാന്‍ കഴിയുമെന്നാണ് സി.പി.ഐ കണക്കുകൂട്ടുന്നത്.
സി.പി.ഐക്ക് 13 സീറ്റ് ലഭിച്ച 2011ല്‍ എല്‍.ഡി.എഫിന് ഭരണം കിട്ടിയിരുന്നില്ല. അന്ന് യു.ഡി.എഫ് സര്‍ക്കാരാണ് അധികാരത്തിലേറിയത്.