കോവിഡ് വ്യാപനം ; വിശ്വാസികൾ ജാഗ്രത പാലിക്കണം;അഭ്യർത്ഥിച്ച് കാന്തപുരം
കോഴിക്കോട് :കോവിഡിന്റെ വ്യാപനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ കേരളത്തില്‍ രാത്രി കാല കര്‍ഫ്യൂ നിലവില്‍ വന്നു. ആയതിനാൽ വിശ്വാസികള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാര്, ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര് എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. വിശുദ്ധ റമളാനിന്റെ പവിത്രതയും പ്രത്യേക ആരാധനകളും സമ്പൂര്‍ണമായും നിര്‍വ്വഹിക്കാന്‍ മുഴുവന്‍ ആളുകളും മഹല്ല് ജമാഅത്തുകളും പ്രത്യേകം ശ്രദ്ധിക്കണം.
പള്ളികളില്‍ സാധാരണയില്‍ നടന്നുവരുന്ന ഹദ്ദാദ് തുടങ്ങിയ ദിക്റുകള്‍ ഇശാഇന് മുമ്പ് പൂര്‍ത്തീകരിച്ച് ഇശാ ബാങ്ക് വിളിച്ച ഉടനെ ഫര്‍ള് നിസ്കാരവും അനുബന്ധ ദിക്റുകളും പ്രാര്‍ത്ഥനയും ചുരുക്കി നിര്‍വ്വഹിച്ച്, വളരെപ്പെട്ടന്ന് തറാവീഹ് നിസ്കാരവും വിത്റും നിസ്കരിച്ച് പ്രാര്‍ത്ഥന നടത്തുകയും സര്‍ക്കാറിന്റെ നിര്‍ദ്ദേശമനുസരിച്ച് ഒമ്പത് മണിക്ക് പള്ളിയില്‍ നിന്ന് പിരിഞ്ഞുപോകാന്‍ സാധിക്കുന്ന രീതിയില്‍ ക്രമീകരിക്കണമെന്നും നേതാക്കള്‍ പറഞ്ഞു.
മഹാമാരിയുടെ വ്യാപനം ഭീതിതമായി തുടരുന്ന പശ്ചാത്തലത്തില്‍ എല്ലാ ഫര്‍ള് നിസ്കാരങ്ങളിലും നാസിലതിന്റെ ഖുനൂത് നിര്‍വ്വഹിക്കുകയും സുബ്ഹിക്ക് ശേഷം വിത് രിയ്യ ചൊല്ലണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു.