കേരളത്തില്‍ ഒറ്റ ദിവസം അരലക്ഷം കോവിഡ് കേസുകള്‍ വന്നേക്കും ആശുപത്രികളോട് സജ്ജമാകാന്‍ നിര്‍ദ്ദേശം
തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് രണ്ടാം തരംഗം രൂക്ഷമായിരിക്കുന്നതിനിടെ ഒറ്റ ദിവസം അമ്പതിനായിരം വരെ കേസുകള്‍ ഉണ്ടായേക്കാമെന്ന് വിലയിരുത്തല്‍.
കൊവിഡ് കോര്‍ കമ്മറ്റി യോഗത്തിലാണ് ഈ വിലയിരുത്തല്‍. ആശുപത്രികളോട് സജ്ജമായിരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തോളം പേരില്‍ കൂട്ട പരിശോധന നടത്താനും തീരുമാനമായിട്ടുണ്ട്.
കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. യോഗത്തില്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതഉദ്യോഗസ്ഥരും പൊലീസ് മേധാവിയും പങ്കെടുക്കും.
വാക്സിന് ക്ഷാമം പരിഹരിക്കാന്‍ അഞ്ചര ലക്ഷം ഡോസ് കൂടി ഉടനെത്തുമെന്നാണ് വിവരം. കൊവിഡ് കണക്കുകള്‍ രൂക്ഷമാവുന്ന സാഹചര്യത്തില്‍ പരാമാവധി വേഗത്തില്‍ രോഗികളെ പരിശോധിക്കുകയാണ് ലക്ഷ്യം.
മുപ്പത് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ വീടുകളിലെത്തി ആന്റിജന്‍ പരിശോധന നടത്തും. ജില്ലാ ടി.പി.ആറിന്റെ ഇരട്ടി ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ എല്ലാ വീടുകളില്‍ നിന്നും ഒരാളെയെങ്കിലും പരിശോധിക്കും.