കോഴിക്കോട്;മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിൽ രണ്ട് യുവാക്കളുടെ ജാമ്യാപേക്ഷ കോടതി മറ്റന്നാൾ പരിഗണിക്കും. അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി ബുധനാഴ്ചത്തേക്ക് മാറ്റിയത്.
അതേസമയം,ഇന്ന് ജാമ്യാപേക്ഷയെ പ്രോസിക്യുഷൻ എതിര്‍ത്തു. പൊലീസ് ശേഖരിച്ച തെളിവുകൾ എല്ലാം കോടതിയിൽ സമർപ്പിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. യുഎപിഎ സാധ്യത പരിശോധിക്കാൻ രണ്ടുദിവസം കൂടി സാവകാശം വേണമെന്നും പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു.
വിദ്യാർത്ഥികളായ രണ്ടുപേര്‍ക്കെതിരെ ചെറിയ കാരണങ്ങൾക്ക് യുഎപിഎ ചുമത്തുന്നത് ശരിയല്ലെന്ന് പ്രതിഭാഗം വാദിച്ചു. പ്രതികള്‍ക്കെതിരെ യുഎപിഎ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന് പറഞ്ഞു.ലഘുലേഖ കണ്ടതു മാത്രം വച്ച് കേസെടുക്കാനാവില്ലെന്നും യുഎപിഎ വകുപ്പ് പൂര്‍ണ്ണമായും ഒഴിവാക്കണമെന്നും പ്രതിഭാഗം കോടതിയിൽ ആവശ്യപ്പെട്ടു.പൊലീസ് റിപ്പോര്‍ട്ടിലെ കുറ്റസമ്മതത്തിൽ സിപിഐ മാവോയിസ്റ്റ് എന്നു പറയുന്നുണ്ടല്ലൊ എന്ന് കോടതി ചോദിച്ചു. പൊലീസുമായി ആലോചിച്ച് യുഎപിഎ റദ്ദാക്കാൻ പറ്റുമോ എന്ന് രണ്ടു ദിവസത്തിനുള്ളിൽ പറയാമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.