രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡൽഹി :കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുൽ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗ ലക്ഷണങ്ങളെ തുടർന്ന് പരിശോധന നടത്തുകയായിരുന്നുവെന്നും താനുമായി സമ്പർക്കത്തിൽ വന്നവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
നിലവിൽ ദില്ലിയിലെ വസതിയിൽ വിശ്രമത്തിലാണ് അദ്ദേഹം. നേരത്തെ കൊവിഡ് രോഗബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തിൽ ബംഗാളിലുൾപ്പെടെ നടത്താനിരുന്ന റാലികൾ രാഹുൽ റദ്ദാക്കിയിരുന്നു. വലിയ ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെയില്ലെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന പ്രതികരണം.
കഴിഞ്ഞ ദിവസം മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 88 വയസുള്ള അദ്ദേഹം പനിയെ തുടർന്നാണ് കൊവിഡ് ടെസ്റ്റ് നടത്തിയത്. ദില്ലി എയിംസിൽ അദ്ദേഹത്തിന്റെ ചികിത്സ തുടരുകയാണ്.