കുപ്പിവെള്ളം വെയിലത്തു വെച്ചാൽ പിടിച്ചെടുത്ത് നശിപ്പിക്കും
തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പികളിലാക്കിയ കുടിവെള്ളവും പാനീയങ്ങളും വെയിലേൽക്കുന്നിടത്ത് വിൽപ്പനയ്ക്ക് വെച്ചാൽ പിടിച്ചെടുത്ത് നശിപ്പിക്കും. പ്ലാസ്റ്റിക് കുപ്പിയിലെ പാനീയങ്ങളും കുടിവെള്ളവും സൂര്യപ്രകാശമേറ്റ് രാസമാറ്റമുണ്ടായി വിഷമയമാകുന്നത് കണക്കിലെടുത്താണ് നടപടി. ഭക്ഷ്യസുരക്ഷാ വകുപ്പാണ് നടപടിയെടുക്കുക. ഇത് സംബന്ധിച്ച് വകുപ്പ് എല്ലാ വ്യാപാരികൾക്കും നോട്ടീസ് നൽകി.
കൊടും ചൂടുകാലത്ത് കുപ്പിവെള്ളത്തിന്റെ വിൽപ്പനയിൽ വൻ വർധനയുണ്ടാകാറുണ്ട്. ജലജന്യരോഗങ്ങൾ കൂടുന്നതും ഇക്കാലത്താണ്. കോവിഡ് വ്യാപനം രൂക്ഷമായ കാലമായതിനാൽ ആശുപത്രികളിൽ മറ്റ് ചികിത്സകൾക്കുള്ള സൗകര്യം പരിമിതമാണ്. ഇത് കണക്കിലെടുത്താണ് പ്ലാസ്റ്റിക് കുപ്പികളിലെ വെള്ളവും പാനീയങ്ങളും വഴി വരുന്ന രോഗങ്ങൾക്ക് തടയിടാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികളുമായി എത്തിയിരിക്കുന്നത്.