ഇതുരണ്ടും എൻറെ ഫോട്ടോയാണ്.. ഇരുപത് മിനിറ്റ് കൂടുമ്പോഴാണ് ഒന്ന് നേരെ ശ്വാസം കിട്ടുക.. ഇത് കോവിഡ് വന്നാൽ മാത്രമറിയുന്ന ഭീകരതയാണ്… ഇപ്പോൾ താൻ മരിക്കുമെന്ന് തോന്നിപ്പോകുന്ന സാഹചര്യങ്ങൾ, നിയന്ത്രണങ്ങളെ വെല്ലുവിളിക്കുന്നവർ സാലിക്ക് പറയാനുള്ളത് കൂടി കേൾക്കണം.
കാസർകോട് : ഇത് വല്ലാത്ത ചതിയായിപ്പോയി.. ഞങ്ങൾക്ക് പുറത്തിറങ്ങി നടക്കേണ്ട.. മോദിക്കും പിണറായികുമൊക്കെ പറഞ്ഞാൽ മതിയല്ലോ.. കളക്ടർക്ക് ഉത്തരവിട്ടാൽ മതിയല്ലോ.. അനുഭവിക്കേണ്ടത് ഞങ്ങൾ അല്ലേ, തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ഇതൊന്നും ഉണ്ടായിട്ടില്ല, ഇപ്പോൾ ഞങ്ങളെ പഠിപ്പിക്കാൻ വരണ്ട.. കോവിഡിനെ ഞങ്ങൾ നേരിട്ട് കൊള്ളാം.. സോഷ്യൽ മീഡിയയിൽ കോവിഡ് നിയന്ത്രണങ്ങൾക്കെതിരെ ഉയരുന്നു പ്രതിഷേധ വാക്യങ്ങളാണ് മുകളിൽ ഉള്ളത്.. ഇത്തരം അപശബ്ദങ്ങൾ ഇവർ നവമാധ്യമങ്ങളിൽ ഉയർത്തുമ്പോഴും തൻറെ കൂടപ്പിറപ്പുകളോട് കോവിഡിന്റെ ഭീകരതയെക്കുറിച്ച് കൃത്യമായി പറഞ്ഞു നൽക്കാന്നും അവരെ മഹമാരിയുടെ കാലത്ത് പൊതുസമൂഹത്തിനു നിന്നും കഴിവതും അകറ്റി നിർത്താന്നും ഇവർ ശ്രമിക്കാറുണ്ട് എന്നുള്ളതാണ് സത്യം. പക്ഷേ വീരവാദങ്ങളും ചോദ്യം ഉയർത്തലുമൊക്കെ ഫേസ്ബുക്കിലും മറ്റ് നവ മാധ്യമങ്ങളിലും മാത്രമാണ് , ഇത്തരക്കാരെ ഈയൊരു സമയത്ത് സൂക്ഷിക്കേണ്ടത് വളരെ പ്രാധാന്യമുള്ളതാണ്.. മറ്റുള്ളവർക്ക് എന്തുസംഭവിച്ചാലും നമുക്കെന്ത് എന്ന ചിന്തയിൽ നിന്നാണ് ഇത്തരം വാദങ്ങളൊക്കെ ഉയർന്നു വരുക.. എന്നാൽ തൻറെ കോവിഡ് അനുഭവം ജനങ്ങൾക്ക് മുമ്പിൽ തുറന്നുകാട്ടിയിരിക്കുകയാണ് പ്രവാസിയായ സാലി. കോവിഡ് പിടികൂടിയപ്പോൾ അനുഭവിച്ച വേദനകൾ ഓരോന്നും അക്കമിട്ട് പറയുകയാണ്.. നമ്മുടെ ജീവിതം നമ്മൾ തന്നെ സുരക്ഷിതമാ കേണ്ട സാഹചര്യത്തെ ഓർമ്മപ്പെടുത്തുകയാണ് സാലിയുടെ ഫേസ്ബുക്ക് കുറിപ്പ്..
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം…
ഈ ഫോട്ടോയിൽ കാണുന്നത് ഞാനാണ്,
8 മാസം മുന്നത്തേയും ഇപ്പോഴത്തെയും….
എന്തിനാണ് ഇങ്ങനൊരു ഫോട്ടോ ഇപ്പോൾ പോസ്റ്റ് ചെയ്തതെന്ന് പലരും ആലോചിക്കുന്നുണ്ടാവും… കോവിഡിന്റെ രണ്ടാം തരംഗത്തെ പേടിക്കരുതെന്നല്ല പേടിക്കണം എന്ന് ഓർമ്മപ്പെടുത്താൻ തന്നെയാണ് ഇതിവിടെ പോസ്റ്റ് ചെയ്യുന്നത് …
ഒരു കോവിഡിന്റെ ഭീകരതയത്രയും അതിന്റെ ഏറ്റവും തിവ്രമായ അവസ്ഥയിൽ അനുഭവിച്ചതാണ് ഞാൻ… ഓക്സിജൻ മാസ്ക് വെച്ചുകൊണ്ട് തന്നെ ഒരു ശ്വാസത്തിനായി പിടഞ്ഞിട്ടുണ്ട്… ഇരുപത് മിനിറ്റിന് ശേഷമൊക്കെയാണ് നേരെയൊരു ശ്വാസം എടുക്കാൻ പറ്റിയിട്ടുള്ളത്… മാസ്ക് വെക്കുമ്പോൾ പോലും ഓക്സിജൻ ലെവൽ 68 ഒക്കെ ആവുന്ന അവസ്ഥ എത്ര ഭീകരമാണെന്നോ? മരണത്തെ തൊട്ടു മുന്നിൽ നേർക്കുനേർ കാണുമ്പോൾ ഉണ്ടാവുന്ന നിസംഗത ഇതൊക്കെ പറഞ്ഞു മനസിലാക്കാൻ ബുദ്ധിമുട്ട് ആണ്…ശാരീരിക ബുദ്ധിമുട്ടുകൾക്കപ്പുറം അനുഭവിക്കേണ്ടി വരുന്ന മാനസിക സംഘർഷങ്ങൾ… ICU വിലെ അടുത്ത ബെഡിലുള്ള ഓരോരുത്തർ ഓരോ ദിവസവും കണ്മുന്നിൽ മരിച്ചു വീഴുന്നത് കാണേണ്ടി വരിക, അതിന് ശേഷം ഉണ്ടാവുന്ന ഭീകരമായ ഡിപ്രെഷൻ… എല്ലാമൊന്ന് നോർമൽ ആയി വരുന്നതേയുള്ളു…. ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറിപ്പോകും…
16 ദിവസത്തെ ആശുപത്രി(പരിയാരം മെഡിക്കൽ കോളേജ്) വാസത്തിന് ശേഷം പതിയെയെങ്കിലും ഞാൻ പഠിച്ച വലിയ പാഠമുണ്ട്… ഓരോ ജീവനും വിലപ്പെട്ടതാണ്, നമ്മുടെ ജീവിതം നമ്മുടേത് മാത്രമാണ്… അത് മാക്സിമം ആസ്വദിക്കുക തന്നെ വേണം…,മറ്റാർക്കു വേണ്ടിയും നമ്മുടെ സന്തോഷങ്ങൾ പണയം വെക്കരുത്… കിട്ടുന്ന സമയങ്ങൾ തോന്നുന്ന രീതിയിലൊക്കെ ജീവിച്ചു തീർത്തോണം… ഉപദേശിക്കാനും സദാചാരം പ്രസംഗിക്കാനുമൊക്കെ ഒരുപാട് ആളുകൾ ഉണ്ടാവും… അവരെ നോക്കി ഒന്ന് പുഞ്ചിരിച്ചേക്കുക അത്രമതി… 😜)
ഇനിയൊരു കോവിഡ് വന്നാൽ ഞാനത് സർവൈവ് ചെയ്യുമെന്ന് എനിക്ക് യാതൊരു ഉറപ്പുമില്ല… അതുകൊണ്ട് തന്നെ ഒരുപാട് സൂക്ഷിക്കുന്നുണ്ട്… ഒപ്പം പേടിയും.. ഓക്സിജൻ, വെന്റിലേറ്റർ, ബെഡ് എന്നിവയുടെ ദൗർലഭ്യം ഭീകരമാണ് എല്ലാ ആശുപത്രിയിലും പ്രവേശനം ലഭിക്കാതെ മരണപ്പെടുന്നവരുടെ എണ്ണവും കൂടി വരുന്നു…
ജീവൻ രക്ഷാ മരുന്ന് ആയ Remdesivir injection ന്റെ അഭാവവും ഒരുപാട് ജീവനുകൾ എടുത്തു കഴിഞ്ഞു…
മാസ്ക് വെക്കുന്നുണ്ടെങ്കിലും സോഷ്യൽ ഡിസ്റ്റൻസിങ് എങ്ങുമില്ല… ആരുമതിനെ പറ്റി ഒട്ടുമേ bothered അല്ല… ഇനിയെങ്കിലും സൂക്ഷിച്ചില്ലെങ്കിൽ ആറടി മണ്ണിൽ കുഴിച്ചിടാൻ പോലും മനുഷ്യർ ഭൂമിയിൽ അവശേഷിക്കാതെയാവും…
അല്ലാഹു മാത്രമാണ് രക്ഷ 🤲
പ്രാത്ഥനയിൽ മുഴുകുക
ഭയം വേണം ഒപ്പം ജാഗ്രതയും ❤🙏
സാലിഹ് ഉമർ