മുംബൈ നഗരത്തില്‍ കോവിഡ് പടരുന്നത് പാവപ്പെട്ടവരുടെ ചേരികളിലല്ല ; രോഗബാധ കൂടുതലും പടുകൂറ്റന്‍ കെട്ടിടത്തിലുള്ളവര്‍ക്ക്
മുംബൈ: ഇന്ത്യയുടെ വ്യാവസായിക തലസ്ഥാനമായ മുംബൈ നഗരത്തില്‍ രോഗവ്യാപനം കൂടുതല്‍ ഫഌറ്റുകള്‍ പോലെ പടുകൂറ്റന്‍ കെട്ടിടങ്ങളില്‍ താമസിക്കുന്നവര്‍ക്ക്. ബ്രഹണ്മുംബൈ മുനിസിപ്പല്‍ കോര്പ്പറേഷന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ചേരികളിലെ രോഗബാധ 10 ശതമാനമായിരിക്കെ വന്‍കിട ബില്ഡിംഗുകളിലാണ് 90 ശതമാനം രോഗവ്യാപനം. നഗരത്തില്‍ ഏപ്രില്‍ 16 വരെയുള്ള കണക്കുകള്‍ പ്രകാരം 87,000 ആണ് ആക്ടീവ് കേസുകളുടെ എണ്ണം.
മൊത്തം 87,443 കേസുകളില്‍ കൂറ്റന്‍ കെട്ടിടങ്ങളില്‍ 79,032 കേസുകള്‍ ആക്ടീവായിരിക്കുമ്പോള്‍ ചേരിയില്‍ വെറും 8,411 കേസുകളാണ് ഉള്ളത്. മുംബൈ നഗരത്തില്‍ അതിവേഗമാണ് രോഗം പടരുന്നത്. കോവിഡിന്റെ ഒന്നാം തരംഗത്തില്‍ ചേരികളില്‍ രോഗവ്യാപനം അതിരൂക്ഷമായിരുന്നു. അന്ന് മൊത്തം കേസുകളുടെ മൂന്നില്‍ രണ്ടും ചേരിയിലായിരുന്നു. 2020 ജൂലൈ യില്‍ ചേരികളില്‍ 57 ശതമാനം ആയിരുന്നു രോഗവ്യാപനം. ആഗസ്റ്റില്‍ നടന്ന മറ്റൊരു സര്‍വേയില്‍ ചേരികളില്‍ രോഗവ്യാപനം 45 ശതമാനമായി. ഈ സമയത്ത് ചേരികളല്ലാത്ത സ്ഥലത്ത് 18 ശതമാനമായിരുന്നു രോഗവ്യാപനം.
ആദ്യത്തെ വ്യാപനം ചേരികളില്‍ സ്ഥിതി രൂക്ഷമാക്കാന്‍ കാരണമായി പറഞ്ഞത് ചേരികളിലെ ജനസാന്ദ്രത ആയിരുന്നു. എന്നാല്‍ രണ്ടാം വരവില്‍ വ്യാപനം വന്‍കിട കെട്ടിടങ്ങളില്‍ ആകാന്‍ കാരണമായി പറയുന്നത് ഹൗസിംഗ് കോളനികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്നത് മൂലമാണെന്നാണ്. ബിഎംസി യുടെ കണക്കുകള്‍ പ്രകാരം അന്ധേരിയും യോഗേശ്വരിയും വരുന്ന കെ. വെസ്റ്റ് വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ കെട്ടിടങ്ങള്‍. 273 കെട്ടിടങ്ങള്‍ ഇവിടെയുണ്ട്. തൊട്ടു പിന്നില്‍ മലബാര്‍ ഹില്‍, ഗ്രാന്റ് റോഡ് എന്നിവ വരുന്ന ഡി വാര്‍ഡാണ്. ഇവിടെ 247 കെട്ടിടങ്ങളുണ്ട്. പരലും സെവരിയും വരുന്ന എഫ് സൗത്ത് വാര്‍ഡില്‍ 147 കെട്ടിടങ്ങളുണ്ട്. ഇവിടെയെല്ലാം കൂടുതല്‍ പേരും താമസിക്കുന്നത് വലിയ കെട്ടിടങ്ങളിലാണ്. 1,169 ബില്‍ഡിംഗുകളാണ് ഇവിടെയുള്ളത്. മുംബൈയില്‍ ഉടനീളമായി 10,797 കെട്ടിടങ്ങളിലായി 20 ലക്ഷം പേരാണ് താമസിക്കുന്നത്.
ഇന്ത്യയില്‍ തന്നെ കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന സംസ്ഥാനങ്ങളിലാണ് മഹാരാഷ്ട്ര. ജനുവരി ഫെബ്രുവരി മാറങ്ങളില് ദിവസം 23,000 കേസുകളാണ് മുംബൈ നഗരത്തില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ മാര്‍ച്ചില്‍ അത് 9000 കേസായി കുറഞ്ഞു.