തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന നക്സലിനെ ഏറ്റുമുട്ടലില്‍ വധിച്ചു
കൊടും കാട്ടിലാണ് കൊല നടന്നത്
ദന്തേവാഡ (ഛത്തീസ്ഗഡ്): തലയ്ക്ക അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്ന നക്സല്‍ നേതാവിനെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിച്ചു. ദന്തേവാഡ ജില്ലാ റിസര്‍വ് ഗാര്‍ഡുമായി നിലവയ വനത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. ഏറ്റുമുട്ടലിനു ശേഷം വനത്തില്‍ നിന്ന് ലഭിച്ച മൃതദേഹം നക്സല്‍ നേതാവ് കോസയുടെതാണെന്ന് തിരിച്ചറിഞ്ഞതായി എസ്.പി അഭിഷേക് പല്ലവ് പറഞ്ഞു. നീലവായയിലെ മല്ലപാറ സ്വദേശിയാണ് കോസ.
ഇയാളില്‍ നിന്ന് ഒരു 9എംഎം പിസ്റ്റള്‍, നാടന്‍ തോക്ക് മൂന്ന് കിലോഗ്രാം ഐഇഡി, മരുന്നുകള്‍, ദൈന്യംദിന ആവശ്യവസ്തുക്കള്‍ എന്നിവ പിടിച്ചെടുത്തു. പതിനഞ്ച് വര്‍ഷത്തോളമായി മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോസ മലംഗീര്‍ ഏരിയ കമ്മിറ്റി അംഗവും മിലിട്ടറി ഇന്റലിജന്‍സ് ചുമതലയുമുള്ള ആളുമാണ്. ഇയാള്‍ക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ 15 ക്രിമിനല്‍ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.