നീലേശ്വരത്ത് വ്യാപാര സ്ഥാപനങ്ങള്‍ ഞായറാഴ്ചഅടച്ചിടും,ആളുകള്‍ പരമാവധി വീടിനകത്ത് നിന്നും പുറത്തിറങ്ങാതെ ഇരിക്കണം
നീലേശ്വരം: നീലേശ്വരം നഗരസഭയിൽ കോവിഡ് പ്രതിരോധ നടപടികൾ ഊർജിതമാക്കാൻ നഗരസഭാതല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. നഗരസഭയിൽ കോവിഡ് കേസുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ വാക്സിനേഷൻ കൂടുതൽ ആളുകളിൽ എത്തിക്കാനും തീരുമാനിച്ചു. വ്യാപാരസ്ഥാപനങ്ങൾ ഞായറാഴ്ചകളിൽ പൂർണമായും അടച്ചിടും. ആളുകൾ പരമാവധി വീടിനകത്ത് നിന്നും പുറത്തിറങ്ങാതെ ഇരിക്കണമെന്ന് യോഗം നിർദേശിച്ചു.
വിവാഹം, മരണം, ഗൃഹപ്രവേശം, മതപരമായ ചടങ്ങുകൾ എന്നിവ പൂർണമായും കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായി നടത്തേണ്ടതാണ്. വിവാഹം, ഗൃഹപ്രവേശം, വിവാഹ നിശ്ചയം എന്നിവയിൽ പങ്കെടുക്കുന്നവരുടെ ലിസ്റ്റ് തയ്യാറാക്കി മുൻകൂട്ടി നഗരസഭയെയും പോലീസിനെയും അറിയിക്കേണ്ടതാണ്. കലാകായിക വിനോദങ്ങൾ നഗരസഭാ പരിധിയിൽ പൂർണമായും നിരോധിക്കുവാൻ തീരുമാനിച്ചു. വ്യാപാര സ്ഥാപനങ്ങൾ രാത്രി 9 മണി വരെ മാത്രമെ പ്രവർത്തിക്കാൻ പാടുള്ളൂവെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ടു മാത്രമെ പ്രവർത്തിക്കുവാൻ പാടുള്ളൂവെന്നും തീരുമാനിച്ചു. വാക്സിൻ ലഭ്യതയനുസരിച്ച് കൂടുതൽ വാക്സിനേഷൻ ക്യാമ്പുകൾ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ നടത്താനും തീരുമാനിച്ചു.