കാസര്‍കോട് 41 സി.എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും;വാര്‍ഡ് തല ജാഗ്രത സമിതികള്‍ ശക്തമാക്കും
കാസറകോട്: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തിൽ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ (സി.എഫ്.എൽ.ടി.സി) ഉടൻ പ്രവർത്തനം ആരംഭിക്കും. ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷൻമാരുടെ യോഗത്തിലാണ് തീരുമാനം.
41 തദ്ദേശ സ്ഥാപനങ്ങളിലും 25 ബെഡുകളുള്ള സി.എഫ്.എൽ.ടി.സികൾ രണ്ട് ദിവസത്തിനുള്ളിൽ ആരംഭിക്കും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന വിധത്തിൽ സ്കൂൾ, കോളേജ്, വലിയ കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് സി.എഫ്.എൽ.ടി.സി ഒരുക്കുക. ഇതിന്റെ പൂർണ ചുമതല തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കാണ്. വികേന്ദ്രീകൃത ചികിത്സാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായാണ് സി.എഫ്.എൽ.ടി.സികൾ ആരംഭിക്കുന്നതെന്ന് ജില്ലാ കളക്ടർ പറഞ്ഞു.
പഞ്ചായത്ത് രാജ് നിയമത്തിന്റെയും പകർച്ചവ്യാധി നിരോധന നിയമസത്തിന്റെയും അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങൾക്ക് പ്രതിരോധ പ്രവർത്തനങ്ങൾ നടപ്പാക്കാം. പ്രാദേശിക തലത്തിൽ ആവശ്യമായ നിയന്ത്രണങ്ങൾ ശക്തമാക്കാൻ കളക്ടർ നിർദ്ദേശം നൽകി. വാർഡ്തല ജാഗ്രതസമിതികൾ അടിയന്തിരമായി വിളിച്ചുകൂട്ടണം.
പ്രാദേശിക തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം. മാഷ് പദ്ധതിയുടെ ഭാഗമായുള്ള കോവിഡ് പ്രതിരോധ ബോധവത്ക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ പരിധിയിലുള്ള മാഷ് പദ്ധതിയിൽ ഉൾപ്പെട്ട മുതിർന്ന അധ്യാപകനെ പദ്ധതിയുടെ നോഡൽ ഓഫീസറായി നിയമിച്ചുകൊണ്ട് പഞ്ചായത്ത് ഉത്തരവ് സെക്രട്ടറി ഇറക്കണം. മെക്രോ കണ്ടെയ്ൻമെന്റ് സോണായ കയ്യൂർ ചീമേനി പഞ്ചായത്തിലെ മുപ്പതിൽ അധികം രോഗികളുള്ള വാർഡിൽ ലോക്ഡൗൺ പ്രഖ്യാപിക്കാവുന്നതാണെന്ന് നിർദേശിച്ചു.
45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് ജില്ലയിൽ വിപുലമായ വാക്സിനേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. അവസരം പരമാവധി പ്രയോജനപ്പെടുത്തണം. വാക്സിനേഷന്റെ ഭാഗമാകാത്ത 45 വയസിന് താഴെയുള്ളവർ ആർ.ടി.പി.സി.ആർ ടെസ്റ്റ് ചെയ്യണം. കോവിഡ് മൂലമുള്ള മരണ സാധ്യത വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. സോപ്പ്, മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കണം. ജില്ലയുടെ 17 അതിർത്തികളിലും ശക്തമായ നിരീക്ഷണത്തിനുള്ള സംവിധാനം ഒരുക്കണം. പൊതുജനങ്ങൾ അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. ദൈനംദിന ജീവിത സഞ്ചാരത്തിനുള്ള മാർഗങ്ങൾക്ക് തടസ്സം വരാതെ, കോവിഡ് വ്യാപനം ഒഴിവാക്കുന്നതിനായാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കിയത്.
മുൻപ് തീരുമാനിച്ച ഡയാലിസിസ് കേന്ദ്രങ്ങൾ ഉടൻ പ്രവർത്തനം ആരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നിർദ്ദേശം നൽകി. ആരോഗ്യ ബ്ലോക്കുകളുടെ അടിസ്ഥാനത്തിൽ കൊറോണ കൺട്രോൾ സെൽ പ്രവർത്തനം ആരംഭിച്ചു. ജില്ലയിൽ നാല് സർക്കാർ ആശുപത്രികളിലായി (ടാറ്റ കോവിഡ് ആശുപത്രി, കാസർകോട് മെഡിക്കൽ കോളേജ്, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി) 376 ബെഡുകളാണ് ഉള്ളത്. നിലവിൽ 200 ബെഡുകളിൽ രോഗികളുണ്ട്. ടാറ്റ ആശുപത്രിയിലും മെഡിക്കൽ കോളേജിലുമായി 12 വീതം 24 ഹൈപ്രഷർ ഓക്സിജൻ ബെഡുകളും 12 ആംബുലൻസുകളുമാണ് ഉള്ളത്. രോഗികളുടെ എണ്ണം വർധിച്ചാൽ ഇത് മതിയാകാതെ വരും. ഈ സാഹചര്യം തുടരുകയാണെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരും. കോവിഡിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് കളക്ടർ പറഞ്ഞു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ജില്ലാ പൊലീസ് മേധാവി പി.ബി രാജീവ് പൊലീസിന്റെ പിന്തുണ ഉറപ്പ് നൽകി. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കി നടപ്പിലാക്കണമെന്നും പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരുടെ സേവനം ഉറപ്പ് വരുത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോ-ചെയർ പേഴ്സൻ ബേബി ബാലകൃഷ്ണൻ നിർദേശം നൽകി.
ജില്ലയിൽ രാത്രി ഒൻപത് വരെ മാത്രമേ വ്യാപാര സ്ഥാപനങ്ങളും കട കമ്പോളങ്ങളും പ്രവർത്തിക്കാവൂ. വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ ഗ്ലൗസും മാസ്കും നിർബന്ധമായും ഉപയോഗിക്കണം. ജനങ്ങളോട് കൂടുതൽ അടുത്തിടപഴകുന്ന വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ഓട്ടോ തൊഴിലാളികൾ, ടാക്സി തൊഴിലാളികൾ, സ്വകാര്യ-സർക്കാർ ബസുകളിലെ ജീവനക്കാർ എന്നിവർ നിശ്ചിത ഇടവേളകളിൽ സർക്കാർ ഏർപ്പെടുത്തിയ സൗജന്യ കോവിഡ് പരിശോധനയ്ക്ക് വിധേയരാകേണ്ടതാണ്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ പങ്കാളികളായ പൊതു പ്രവർത്തകർ നിർബന്ധമായും ആർ.ടി.പി.സി.ആർ ടെസ്റ്റിന് വിധേയരാകണം. ജില്ലയിൽ കോവിഡ് രൂക്ഷമായിരിക്കുകയാണെന്നും പൊതുജനങ്ങൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എ.വി രാംദാസ് പറഞ്ഞു. യോഗത്തിൽ എ.ഡി.എം അതുൽ സ്വാമിനാഥ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ, ചെയർപേഴ്സൻമാർ, സെക്രട്ടറിമാർ തുടങ്ങിയവർ പങ്കെടുത്തു.