ആശുപത്രികളിൽ വർദ്ധിച്ചുവരുന്ന തിരക്ക് ആശങ്കയ്ക്ക് വഴിവെക്കുന്നു
നീലേശ്വരം: കോവിഡ് ടെസ്റ്റിനും വാക്സിനേഷനുമായി കൂടുതല്‍ പേര് ആശുപത്രികളിലെത്തുന്നത് തിരക്കിനിടയാക്കുന്നു. വാക്സിന് ക്ഷാമമെന്ന വാര്‍ത്ത വന്നതോടെയാണ് ജനങ്ങള്‍ കൂട്ടത്തോടെ ആശുപത്രികളിലെത്താന്‍ തുടങ്ങിയത്. നീലേശ്വരം താലൂക്കാശുപത്രി, തൃക്കരിപ്പൂർ തങ്കയത്തുള്ള തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രി, ഉടുമ്പുന്തല കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് കോവിഡ് ടെസ്റ്റും വാക്സിനേഷനും ലഭിക്കുന്നത്. ഇവിടങ്ങളില്‍ പരിശോധനയ്ക്ക് എത്തുന്നവര്‍ കോവിഡ് മാനദണ്ഡം പാലിക്കാതെ കൂട്ടംകൂടി നില്‍ക്കുന്നത് സ്ഥിരം കാഴ്ചയാണ്.
നീലേശ്വരം താല്ക്കാശുപത്രിയിൽ ഇന്ന് രാവിലെ മുതൽ നൂറുകണക്കിനാളുകളാണെത്തിയത്. ആശുപത്രി കോമ്പൗണ്ടിൽ നിന്നും നീണ്ട ക്യൂ പ്രധാന റോഡിലേക്കും നീണ്ടു. നൂറിലേറെ ആളുകളാണ് കഴിഞ്ഞ ദിവസം താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തിയത്.
ടോക്കണ്‍ അടിസ്ഥാനത്തിലാണ് പരിശോധനയെങ്കിലും സാമൂഹിക അകലം പാലിക്കപ്പെടുന്നില്ല. രോഗം ഉള്ളവരും ഇല്ലാത്തവരും ഇവിടെ കൂടിച്ചേരുമ്പോള്‍ രോഗവ്യാപന സാധ്യത കൂടുന്നതായി ആക്ഷേപമുണ്ട്. പരിശോധനക്കെത്തുന്നവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്കാന് വളണ്ടിയര്‍മാരെ നിയമിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഡ്രൈവിംഗ് ലൈസന്‍സിന് ഉള്‍പ്പെടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതും തിരക്ക് വര്‍ദ്ധിക്കുന്നതിന് കാരണമായി. പൊതുപരിപാടികളില്‍ നിയന്ത്രണമില്ലാതിരുന്നത് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ കാരണമായിട്ടുണ്ട്. 50 ഓളം അധ്യാപകര്‍ മാഷ് ഡ്യൂട്ടിയിലുണ്ടെങ്കിലും പലരും സജീവമല്ലെന്ന പരാതിയുണ്ട്. കടകളില്‍ ജോലി ചെയ്യുന്നവരില്‍ ഭൂരിഭാഗം പേരും വൈറസിനെ പ്രതിരോധിക്കും വിധം മാസ്ക് ശരിയായി ധരിക്കാറുമില്ല എന്നതാണ് യാതാർഥ്യം.