മന്ത്രിക്കെതിരായ പരാതിയിൽ പാർട്ടി ഇടപെടുന്നു: ഇന്ന് പ്രത്യേക ലോക്കൽ കമ്മിറ്റിയോഗം, യുവതിയുടെ ഭർത്താവും പങ്കെടുത്തേക്കും
ആലപ്പുഴ:മന്ത്രി ജി.സുധാകരനെതിരായ മുൻ പേഴ്സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിയെക്കുറിച്ച് ചർച്ചചെയ്യാൻ സി പി എം യോഗം വിളിച്ചു. ജില്ലാ നേതൃത്വം ഇടപെട്ടാണ് പുറക്കാട് ലോക്കൽകമ്മിറ്റി യോഗം വിളിച്ചത്. ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് നടക്കുന്ന യോഗത്തിൽ പരാതിക്കാരിയുടെ ഭർത്താവും പങ്കെടുക്കും എന്നാണ് റിപ്പോർട്ട്. ഇയാളിൽ നിന്ന് പുറക്കാട് ലോക്കൽകമ്മിറ്റി നേരത്തേ വിശദീകരണം തേടിയിരുന്നു. എന്നാൽ വിദശീകരണം നൽകണമെങ്കിൽ പരാതിയുമായി മുന്നോട്ടുപോകാൻ അനുവദിക്കണം എന്നായിരുന്നു അദ്ദേഹം പാർട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടത്.വിവാദം എത്രയുംപെട്ടെന്ന് അവസാനിപ്പിക്കാനാണ് സംസ്ഥാന നേതൃത്വം ജില്ലാകമ്മിറ്റിക്ക് നൽകിയിരിക്കുന്ന കർശന നിർദ്ദേശം. ഇന്നത്തെ യോഗത്തിൽ യുവതിയുടെ ഭർത്താവ് വിശദീകരണം നൽകുമെന്നാണ് കരുതുന്നത്. ഇദ്ദേഹത്തിനെതിരെ സംഘനാതലത്തിലുള്ള നടപടികൾ ഉണ്ടായേക്കും എന്നും കേൾക്കുന്നുണ്ട്.കഴിഞ്ഞ ഞായറാഴ്ച ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ തന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ജി.സുധാകരൻ പരാമർശം നടത്തിയെന്ന് ആരോപിച്ചാണ് യുവതി അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയത്. ഇതിൽ കേസടുക്കാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് ചീഫിനും യുവതി പരാതി നൽകി.താൻ പരാതി പിൻവലിച്ചെന്ന പ്രചാരണം തെറ്റാണെന്നും യുവതി പറഞ്ഞു. അതേസമയം, പരാതിയിൽ കേസെടുക്കണമോ എന്ന കാര്യത്തിൽ അമ്പലപ്പുഴ പൊലീസ് വീണ്ടും നിയമോപദേശം തേടി. നേരത്തെ അനൗദ്യോഗികമായി നിയമോപദേശം തേടിയപ്പോൾ കേസെടുക്കുന്നതിനുള്ള കുറ്റങ്ങൾ പരാതിയിൽ പറയുന്നില്ല എന്നായിരുന്നു പൊലീസിന് കിട്ടിയ ഉപദേശം. യുവതി പരാതിയുമായി ഉയർന്ന ഉദ്യോഗസ്ഥനെ സമീപിച്ചതോടെയാണ് വീണ്ടും നിയമോപദേശം തേടിയത്.