10 ലക്ഷം രൂപയ്ക്ക് കരള്‍ ദാനം ചെയ്യണം ; ഏജന്റുമാര്‍ പ്രലോഭനവുമായി ആദിവാസി യുവാവിനെ പിന്നാല ; എതിര്‍ത്ത് കുടുംബാംഗങ്ങള്‍
കുളമാവ്: 10 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ആദിവാസി യുവാവിന്റെ കരള്‍ ദാനം ചെയ്യാന്‍ ഏജന്റുമാര്‍ പ്രലോഭിപ്പിക്കുന്നതായി സഹോദരന്റെ പരാതി. വലിയമാവ് സ്വദേശി രൂപേഷാണ് പരാതിയുമായി രംഗത്തെത്തിയത്.
രൂപേഷിന്റെ സഹോദരന്റെ കരള്‍ ദാനം ചെയ്യാനുള്ള ശ്രമം നടക്കുന്നെന്നാണ് തൊടുപുഴ ഡിെവെ.എസ്.പിക്ക് പരാതി നല്‍കിയിരിക്കുന്നത്. ഇതിനായി ഏജന്റുമാര്‍ വഴി പത്തുലക്ഷം രൂപ വാഗ്ദാനം നല്കി കച്ചവടം ഉറപ്പിച്ചതായി അറിയാന്‍ കഴിഞ്ഞതായും പരാതിയില്‍ പറയുന്നു.
10-ാം ക്ലാസ് വിദ്യാഭ്യാസമുള്ള സഹോദരന് സ്വന്തമായുള്ള സ്ഥലത്ത് കൃഷിചെയ്തും കൂലിപ്പണിയെടുത്തുമാണ് ജീവിക്കുന്നത്. മാതാപിതാക്കള്‍ നേരത്തെ മരിച്ചു പോയതിനാല്‍ പിതാവിന്റെ സഹോദരനും ഭാര്യയ്ക്കുമൊപ്പമാണ് താമസിക്കുന്നത്.
കരള്‍ ദാനം ചെയ്യിക്കാനുള്ള നീക്കത്തോട് താന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കളില്‍ ഭൂരിപക്ഷത്തിനും താത്പര്യമില്ലെന്നും അതിനാല്‍ കരള്‍ വില്‍ക്കുന്നതിനുള്ള നീക്കം തടയണമെന്നും രൂപേഷിന്റെ പരാതിയില്‍ പറയുന്നു. കരള്‍ ദാനം ചെയ്തശേഷമുള്ള ആരോഗ്യപ്രശ്നങ്ങളും ഇതുസംബന്ധിച്ചുള്ള തുടര്‍ചികിത്സയും നടത്താന്‍ കുടുംബത്തിന് കഴിയില്ല. ഇതിനു പിന്നില്‍ വലിയൊരു സംഘം പ്രവര്‍ത്തിക്കുന്നതായി രൂപേഷ് ആരോപിക്കുന്നു.
നിലവില്‍ സഹോദരന് ഏജന്റിനും ബന്ധുവിനുമൊപ്പം എറണാകുളത്തിന് പോയിരിക്കുകയാണ്. ഇത് അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട പരിശോധനകള്ക്കാണെന്നാണ് തന്റെ വിശ്വാസമെന്നും അതിനാലാണ് ഉടന്‍ പരാതി നല്‍കിയതെന്നും രൂപേഷ് പറയുന്നു.
അതേസമയം രൂപേഷിന്റെ സഹോദരന് സ്വമനസാലെയാണ് കരള്‍ നല്‍കുന്നതെന്നും ഇതില്‍ പണമിടപാട് ഇല്ലെന്നാണ് അനേ്വഷണത്തില്‍ ബോധ്യമായതെന്നും തൊടുപുഴ ഡിെവെ.എസ്.പി: ടി. രാജപ്പന് പറഞ്ഞു. ഇവരുടെ പിതാവ് നേരത്തെ ജോലിക്കുനിന്ന വീട്ടിലുള്ള രോഗിക്കാണ് കരള്‍ ദാനം ചെയ്യുന്നത്. ബന്ധുക്കള്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ ആശങ്ക ഒഴിവാക്കാന്‍ കരള്‍ ദാനം ചെയ്യാന്‍ സന്നദ്ധനായ യുവാവിനെ വിളിച്ചുവരുത്തി നിജസ്ഥിതി ആരായുമെന്നും ഡിെവെ.എസ്.പി പറഞ്ഞു.