മടിക്കൈ വെള്ളൂടയിലെ അഗ്നിബാധ; ലക്ഷങ്ങളുടെ കേബിൾ കത്തിനശിച്ചു
കാഞ്ഞങ്ങാട് :മടിക്കൈ അമ്പലത്തറ വെളളുട സോളാർ പാർക്കിൽ വൻ തീ പിടുത്തത്തിൽ. ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ആണ് സംഭവം. സമീപത്തെ എച്ച്. ടി. വൈദ്യുത കമ്പിയിൽ നിന്നു തീപൊരി വീണ് പുല്ലിനു തീ പിടിക്കുകയായിരുന്നു. ഇതിൽ നിന്ന് തീ പടർന്നാണ് കരുതലായി സൂക്ഷിച്ച പവർ കേബിളുകൾ കത്തി നശിച്ചത്. പുക ഉയരുന്നതു കണ്ട വാച്ച്മാൻ മറ്റുള്ളവരെ വിവരം അറിയിച്ചു. സോളാർ പാർക്കിലെ പാനലുകൾ കഴുകാൻ ഉപയോഗിക്കുന്ന പൈപ്പ് ഉപയോഗിച്ച് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് കാഞ്ഞങ്ങാടു നിന്ന് സ്റ്റേഷൻ ഓഫീസർ കെ. വി പ്രഭാകരന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് അഗ്നി രക്ഷാ സേനയെത്തി. മൂന്നര മണിക്കൂറോളം സമയമെടുത്താണ് തീ പൂർണ്ണമായും അണച്ചത്. ഇതിനിടെ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പവർ കേബിൾ മറിച്ചിട്ട് അടി ഭാഗങ്ങളിലെ തീ കെടുത്തി. അപ്പോഴേക്കും പ്രദേശമാകെ വിഷപ്പുക കൊണ്ട് മൂടി. രക്ഷാപ്രവർത്തനത്തിടെ മഴ പെയ്തത് ആശ്വാസമായി. ഇത് മറ്റിടങ്ങളിലേക്ക് തീ പടരുന്നത് ഒഴിവാക്കി. അലുമിനിയം പവർ കേബിൾ തീയിൽ വെന്തുരുകുകയായിരുന്നു. 50 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്. സീനിയർ ഫയർ ഓഫിസർ ടി. അശോക് കുമാർ, ഫയർ ഓഫീസർമാരായ വി. എൻ. വേണുഗോപാൽ, കെ. വി സന്തോഷ്, സണ്ണി ഇമ്മാനുവൽ , കെ. കിരൺ , ഹോംഗാർഡ് ഇ. സന്തോഷ്, ഫയർ ഓഫീസർ ഡ്രൈവർമാരായ പ്രിയേഷ് , ലതീഷ് ,സിവിൽ ഡിഫൻസ് അംഗങ്ങളായ പ്രദീപ് ആവിക്കര, മനോജ് നിട്ടടുക്കം എന്നിവരും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്