കണ്ണൂര്‍ മട്ടന്നൂരില്‍ കിടപ്പുമുറിയില്‍ അമ്മയും നാലുവയസ്സുള്ള കുഞ്ഞും പൊള്ളലേറ്റു മരിച്ചു
കണ്ണൂര്‍: കാനാട് കിടപ്പുമുറിയില്‍ അമ്മയും കുഞ്ഞും തീ പൊള്ളലേറ്റു മരിച്ചു. കാനാട് നിമിഷ നിവാസില്‍ നിഷാദിന്റെ ഭാര്യ കെ. ജിജിന(24), മകള്‍ അന്‍വിക(4) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 6 മണിയോടെയാണ് സംഭവം. കുഞ്ഞിന്റെ കരച്ചില് കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ കിടപ്പ് മുറിയുടെ ജനല്‍ ചില്ല് തകര്‍ത്തപ്പോഴാണ് തീ കത്തുന്നത് കണ്ടത്. വീട്ടുകാര്‍ ബഹളംവെച്ചതിനെത്തുടര്‍ന്ന് സമീപവാസികള്‍ ഓടിയെത്തി വാതില്‍ തകര്‍ത്ത് പുറത്തെടുക്കുകയായിരുന്നു.
തുടര്‍ന്ന് കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഗുരുതരമായി പൊള്ളലേറ്റതിനാല്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെവെച്ചാണ് മരണപ്പെട്ടത്.
അലമാരയിലെ വസ്ത്രങ്ങള്‍ കിടക്കയില്‍ കൂട്ടിയിട്ട നിലയിലായിരുന്നു. കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിനിടെ ഭര്‍തൃപിതാവ് പുരുഷോത്തമന്റെ കാലിനും പൊള്ളലേറ്റു.
ജിജിന ഭര്‍ത്താവ് നിഷാദ് ആറ് വര്‍ഷമായി സൗദിയില്‍ ജോലി ചെയ്യുകയാണ്. രണ്ട് വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നിരുന്നത്. കുമ്മാനത്തെ രാജീവന്- പ്രസന്ന കേളോത്ത് ദമ്പതികളുടെ മകളാണ് ജിജിന. രജിന, പ്രജിന എന്നിവര്‍ സഹോദരങ്ങളാണ്.
ഫോറന്‍സിക് വിധഗ്ദര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മട്ടന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.