കാസർകോട് : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ, കാസർകോട് ആരോഗ്യ രംഗത്ത് പരിമിതമായ സൗകര്യങ്ങളും കുറഞ്ഞ എണ്ണം ആരോഗ്യ പ്രവർത്തകരും മാത്രമുള്ളതിനാൽ കർശന നടപടികളിലേക്ക് കടക്കേണ്ടി വരുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു മുന്നറിയിപ്പ് നൽകി . കോവിഡ് രോഗികളെ അഡ്മിറ്റ് ചെയ്യാൻ ആകെയുള്ള 376 ബെഡുകളിൽ 200 എണ്ണത്തിൽ നിലവിൽ രോഗികളുണ്ട്. ആറ് ഐ.സി.യു ബെഡുകൾ മാത്രമാണ് ജില്ലയിൽ ലഭ്യമായിട്ടുള്ളത്. ഇനിയും ബോധവത്കരണത്തി നീക്കിവെക്കാൻ സമയമില്ലാത്തതിനാൽ കർശന നടപടികളിലേക്ക് നീങ്ങേണ്ടി വരും. സെക്ടറൽ മജിസ്ട്രേറ്റുമാർ ശക്തമായ ഇടപെടൽ നടത്തണമെന്നും കളക്ടർ പറഞ്ഞു. സെക്ടറൽ മജിസ്ട്രേട്ടുമാരുടെ ഓൺലൈൻ യോഗത്തിൽ സംസാരിക്കുകയായിരുന്നു കളക്ടർ. ജനങ്ങളുടെ ജീവനാണ് ഇവിടെ പ്രാധാന്യമുള്ളത് മറ്റെല്ലാ വിഷയങ്ങളും അതു കഴിഞ്ഞു മാത്രമാണ് , നമ്മുടെ നിലവിലെ സാഹചര്യം ജനങ്ങൾ മനസ്സിലാക്കണമെന്നും ഒന്നിച്ചു നിന്നാൽ മാത്രമേ കോവിഡിനെ തോൽപ്പിക്കാൻ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം ഓർമപ്പെടുത്തി. കോവിഡ് വ്യാപനം ജില്ലയിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സി എഫ് എൽടിസി സജ്ജീകരിക്കുന്നതുൾപ്പടെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് പ്രാദേശിക തലത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരുടേയും കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭ ചെയർപേഴ്സൺമാരുടേയും ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാരുടേയും യോഗം ഏപ്രിൽ 19ന് രാവിലെ 10.30ന് ഓൺലൈനിൽ ചേരുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അറിയിച്ചു.
സർക്കാരിന്റെ ഏറ്റവും പുതിയ ഉത്തരവ് പ്രകാരം ചടങ്ങുകൾക്കും പൊതു പരിപാടികൾക്കും തുറന്ന സ്ഥലത്ത് 150 പേരും അടച്ചിട്ട സ്ഥലത്ത് 75 പേരും മാത്രമേ അനുവദിക്കുകയുള്ളൂ. പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി കോവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും അറിയിച്ചു. എ.ഡി.എം അതുൽ സ്വാമിനാഥ് സംബന്ധിച്ചു.