മംഗളൂരു :മംഗളൂരു നഗരത്തിൽ മത പരിപാടികൾ നിരോധിച്ചു. നഗരത്തിലെ കോവിഡ് കേസുകളുടെ വർദ്ധനവ് കണക്കിലെടുത്ത് മംഗളൂരു സിറ്റി കോർപ്പറേഷനാണ് എല്ലാ മത പരിപാടികളും നിരോധിച്ച് ഉത്തരവിറക്കിയത്. നേരത്തെ, നഗരത്തിനുള്ളിൽ മതപരിപാടികൾ നടത്തുന്നതിന് സിറ്റി കോർപ്പറേഷൻ ഉദ്യോഗസ്ഥർ നൽകിയ അനുമതികളും പിൻവലിച്ചു. ദുരന്തനിവാരണ നിയമപ്രകാരം, പൊതു ചടങ്ങുകളിലും വിനോദ പരിപാടികളിലും പങ്കെടുക്കുന്നതിന് നിയന്ത്രണങ്ങൾ ബാധകമാണ്. മൂക്കും വായും ശരിയായ രീതിയിൽ മറക്കുന്ന രീതിയിൽ മാസ്ക് ധരിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും പൊതു സ്ഥലങ്ങളിൽ തുപ്പരുതെന്നും കോർപ്പറേഷൻ ആവശ്യപ്പെട്ടു. ഓൺലൈൻ ഫുഡ് ഡെലിവറി സേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ, ഹോട്ടലുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവയിലെ സ്റ്റാഫുകളും സൂപ്പർമാർക്കറ്റുകളിലും മാളുകളിലും മറ്റ് സ്ഥലങ്ങളിലും ജോലി ചെയ്യുന്ന സ്റ്റാഫ്, ബസ് ഡ്രൈവർമാർ, കണ്ടക്ടർ, ഓട്ടോറിക്ഷ ഡ്രൈവർമാർ, തിരക്കേറിയ സ്ഥലങ്ങളിൽ പ്രവേശിക്കുന്നവർ എന്നിവർ 15 ദിവസത്തിലൊരിക്കൽ കോവിഡ് പരിശോധനയ്ക്ക് വിധേയരാകണം, ഈ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുമെന്ന് സിറ്റി കോർപ്പറേഷൻ കമ്മീഷണർ അക്ഷി ശ്രീധർ വ്യക്തമാക്കി. നിയന്ത്രണങ്ങൾ ലാഘവത്തോടെ കാണുകയാനെങ്കിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്നും കമ്മീഷണർ മുന്നറിയിപ്പ് നൽകി.
അതേസമയം നിയന്ത്രണ നടപടികൾ സ്വാഗതാർഹമാണെങ്കിലും, മതമേഖലയ്ക്ക് ഏർപ്പെടുത്തിയ നിരോധനം മംഗളൂരു നഗരത്തെ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും മതപരമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നുവെന്ന് പരാതിയുമായി പിന്നോക്ക വിഭാഗ ക്ഷേമ, ദക്ഷിണ കന്നഡ ജില്ലാ ചുമതലയുള്ള മന്ത്രി കോട്ട ശ്രീനിവാസ് പൂജാരി കർണാടക മുഖ്യമന്ത്രി യെദ്യൂരപ്പക്ക് കത്തെഴുതി.
നിരോധനം കാരണം മതപരിപാടികൾക്കും പൂജാ പ്രക്രിയ, മതപ്രതിജ്ഞകൾ, വിഗ്രഹങ്ങളുടെ സമർപ്പണം, ബ്രഹ്മകലശാ ട്ടം തുടങ്ങിയവക്ക് കനത്ത ആഘാതമുണ്ടായെന്നും നിയമങ്ങളിൽ ചില ഇളവുകൾ നൽകണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സർക്കാരിന്റെ പുതിയ സർക്കുലർ അനുസരിച്ച് മറ്റ് മീറ്റിംഗുകളും ഫംഗ്ഷനുകളും കുറഞ്ഞ തോതിൽ നടത്താൻ അനുവദിക്കുമ്പോൾ മത പരിപാടികൾ പൂർണ്ണമായും നിരോധിച്ച മംഗളൂരു സിറ്റി കമ്മീഷണറുടെ നടപടി ശരിയല്ലന്നാണ് മന്ത്രിയുടെ വാദം. മറ്റ് പരിപാടികൾക്ക് അനുവദിച്ച ഇളവുകൾ മതപരമായ പ്രവർത്തനങ്ങൾക്കും നൽകണമെന്നും അതുവഴി ഭക്തർ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നതയും മന്ത്രി കൂട്ടിച്ചേർത്തു.