ഇട്ടമ്മലില്‍ നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ച്കൊടി സ്ഥാപിച്ചെന്ന പ്രചരണം അടിസ്ഥാന രഹിതം ഡിവൈഎഫ്ഐ
കാഞ്ഞങ്ങാട്: കൊളവയലിലെ ഇട്ടമ്മല്‍ പ്രദേശത്ത് തെരഞ്ഞെടുപ്പ് ഫണ്ട് നല്‍കാത്തതിന് നിര്‍മ്മാണത്തിലിരുന്ന വീടിന്റെ തറ പൊളിച്ച് ഡിവൈഎഫ്ഐ കൊടി സ്ഥാപിച്ചു എന്ന നിലയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു. നിലവില്‍ വെറ്റ് ലാന്‍ഡില്‍ ഉള്‍പ്പെട്ട പ്രദേശത്ത് പാരിസ്ഥിതിക ദുര്‍ബലതകള്‍ പരിഗണിക്കാതെ വീട് നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാരില്‍ നിന്നും കടുത്ത ആശങ്ക ഉയര്‍ന്നു വന്നിട്ടുണ്ട്. വയല്‍ നികത്തി വീട് നിര്‍മിക്കുന്നതുമൂലം വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുകയും അത് മൂലം മഴക്കാലങ്ങളില്‍ പരിസര പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറാനുള്ള സാധ്യത കൂടുതലുമാണ്. കൂടാതെ നിര്‍മ്മാണ ആവിശ്യത്തിന് എന്ന നിലയില്‍ മണലെടുത്ത് ചുവന്ന മണ്ണ് നിറക്കാനുള്ള നീക്കവും സ്ഥലം ഉടമയുടെ ഭാഗത്ത് നിന്നും നടക്കുന്നു. ഇത് പ്രദേശത്ത് കുടിവെള്ളം മലിനമാക്കുന്നതിന് ഇടയാക്കും. നെല്ല്, മധുരക്കിഴങ്ങ്, ചീര, വെള്ളരി ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ സാധാരണയായി കൃഷി ചെയ്യുന്ന പ്രദേശം കൂടിയാണ് ഇവിടം. ഇങ്ങനെയുള്ള കൃഷിസ്ഥലത്ത് വീട് നിര്‍മിക്കുമ്പോള്‍ സ്വാഭാവികമായും ഉയര്‍ന്നു വരുന്ന എതിര്‍പ്പുകളെ മറികടക്കാനും മാധ്യമ പിന്തുണയോടെ വിവാദമുണ്ടാക്കി നിര്‍മാണ അനുമതി സംഘടിപ്പിക്കാനുള്ള മുസ്ലീം ലീഗ് നേതാവിന്റെ സഹോദരന് കൂടിയായ സ്ഥലമുടമയുടെ കുതന്ത്രമാണ് ഇത്തരം വാര്‍ത്തയ്ക്ക് പിന്നില്‍ ഉണ്ടായിട്ടുള്ളത്. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നേരിട്ട് ഇടപെടുന്ന സംഘടനയല്ല ഡിവൈഎഫ്ഐ. അതു കൊണ്ട് തന്നെ സംഘടനയ്ക്ക് തെരഞ്ഞെടുപ്പ് ഫണ്ട് പിരിക്കേണ്ട ആവിശ്യവുമില്ല. അങ്ങനെയിരിക്കെ ഡിവൈഎഫ്ഐക്ക് ഫണ്ട് നല്കാത്തതിനാല് വിട് തകര്‍ത്തു എന്ന നിലയില്‍ പ്രചരിപ്പിക്കുന്നത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്.
പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കൈകൊണ്ടിട്ടുള്ള തീരുമാനങ്ങളെ അട്ടിമറിക്കാന്‍ ഇങ്ങനെയുള്ള പല രീതികളും തല്പരകക്ഷികള് ഇതിന് മുമ്പും ഇത്തരം പ്രദേശങ്ങളിലെല്ലാം നടത്തിയതിന്റെ നിരവധി ഉദാഹരണങ്ങള്‍ കാണാനാകും. അതിനാല്‍ സമൂഹത്തിനും പരിസ്ഥിതിക്കുമെല്ലാം ആഘാതം സൃഷ്ടിക്കുന്ന ഇത്തരം കള്ളവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാവണമെന്നും സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന നിലയില്‍ വാര്‍ത്തകള്‍ നല്കുന്നതില് നിന്നും പിന്തിരിയണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെടുന്നു.