വീടിന്റെ തറ പൊളിച്ച് കൊടി നാട്ടിയ സംഭവം: എട്ട് ഡി.വൈ.എഫ്.ഐ.ക്കാര്‍ക്കെതിരേ കേസ്
കാഞ്ഞങ്ങാട്: അജാനൂര്‍ പഞ്ചായത്തിലെ ചാലിയം നായില്‍ പ്രദേശത്ത് നിര്‍മാണം നടക്കുന്ന വീടിന്റെ തറയും ഷെഡ്ഡും പൊളിച്ച് കൊടി നാട്ടിയ സംഭവത്തില്‍ എട്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരേ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇട്ടമ്മലിലെ ലിപന്‍, സുജിത്ത്, കിട്ടു എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന അഞ്ചുപേര്‍ക്കെതിരേയുമാണ് കേസ്. ഇന്ത്യന്‍ ശിക്ഷാനിയമം 447, 427, 153, 506(1) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അതിക്രമിച്ച് കയറി തറയും ഷെഡ്ഡും പൊളിച്ച് അരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്നും തടയാന്‍ ചെന്ന ഒന്നിലേറെപ്പേരെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചെന്നും എഫ്.ഐ.ആറില്‍ പറയുന്നു.
ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്ത സ്ഥലമാണിതെന്നും വീടുനിര്‍മാണത്തിന് പഞ്ചായത്തിന്റെ അനുമതിയുണ്ടെന്നും സ്ഥലം ഉടമ വി.എം. റാസിഖ് പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. അതിനിടെ, സി.പി.എം. തിരഞ്ഞെടുപ്പ് ഫണ്ട് ചോദിച്ചിരുന്നുവെന്നും അത് കൊടുക്കാത്തതിന്റെ വിരോധം തീര്‍ത്തതാണെന്നുമാണ് റാസിഖും സഹോദരനും മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ അഷറഫ് കൊളവയലും പറയുന്നത്. എന്നാല്‍ ഇക്കാര്യം ഇവര്‍ പോലീസ് സ്റ്റേഷനില്‍ കൊടുത്ത പരാതിയില്‍ പറഞ്ഞിട്ടില്ല. അങ്ങനെയൊരു സംഭാവന ചോദിച്ചിട്ടേയില്ലെന്നാണ് ഡി.വൈ.എഫ്.ഐ.യുടെ വാദം. അതിനിടെ, ഇതു വയല്‍ഭൂമിയാണെന്നും നിര്‍മാണം നടത്തരുതെന്നും ആവശ്യപ്പെട്ട് നാട്ടുകാരുടെ കൈയൊപ്പ് ശേഖരിച്ച് ഡി.വൈ.എഫ്.ഐ. ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.