മാനദണ്ഡങ്ങൾ ലംഘിച്ച് കുട്ടികളുടെ ചിത്രം വെച്ച് പണപ്പിരിവ് നടത്തിയാൽ നിയമനടപടി സ്വീകരിക്കും.
ബാലാവകാശ സംരക്ഷണ കമ്മീഷൻ
കേരളത്തിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സംഘടനകളോ സ്ഥാപനങ്ങളോ പ്രസ്തുത സ്ഥാപനങ്ങളിലോ അവയുടെ പ്രവർത്തന മേഖലകളിലോ ഉള്ള കുട്ടികളുടെ ദയനീയാവസ്ഥ പ്രകടമാക്കുന്ന ചിത്രങ്ങളോ കുട്ടികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന വിവരങ്ങളോ ഉൾപ്പെടുത്തി പരസ്യം നൽകി ധനശേഖരണം നടത്താൻ പാടില്ലെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അറിയിച്ചു. ഏതെങ്കിലും കുട്ടിയുടേയോ കുടുംബത്തിന്റെയോ ഉന്നമനത്തിനും ഉത്തമതാൽപര്യം സംരക്ഷിക്കുന്നതിനുമായി പരസ്യം അനിവാര്യമാണെങ്കിൽ അക്കാര്യം ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിൽ വന്നതാണെങ്കിൽ കമ്മിറ്റിയുടെ അംഗീകാരവും കമ്മിറ്റിയുടെ പരിഗണനയിൽ വരാത്ത വിഷയത്തിൽ കുട്ടിയുടെ രക്ഷിതാവിന്റെയും സാധ്യമാകുന്ന പക്ഷം കുട്ടിയുടെയും രേഖാമൂലമുള്ള അനുമതി ലഭിച്ചതിന് ശേഷം മാത്രമേ ഇത്തരം പരസ്യങ്ങൾ നൽകാൻ പാടുള്ളൂ. മേൽ നിർദ്ദേശത്തിന് വിരുദ്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്കും വ്യക്തികൾക്കുമെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നാണ് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ അറിയിച്ചിരിക്കുന്നത്. അതേസമയം ഇത്തരം മതങ്ങൾക്കെതിരെ കടുത്ത വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ കമൻറുകളായി പുറത്തുവരുന്നത് . മാനദണ്ഡം സമൂഹത്തിൽ നന്മ ചെയ്യാൻ തയ്യാറുള്ള വരെ പിന്തിരിപ്പിക്കുമെന്നും സഹായിച്ചവർ കേസിൽ ഉൾപ്പെടാൻ സാധ്യതയുണ്ടെന്നും ഇവർ ആശങ്ക പങ്കുവെക്കുന്നു. മാത്രമല്ല ചില ചാരിറ്റി പ്രവർത്തകരെ ഉന്നം വെച്ചുള്ള നീക്കങ്ങൾ ആണെന്നും ഓൺലൈൻ ചാരിറ്റി രംഗത്തെ തീർത്തും ഇല്ലാതാക്കാനുള്ള നീക്കമാണെന്നും നവമാധ്യമ കൂട്ടായ്മകളിലെ ചില സംഘങ്ങൾ പറയുന്നു.