ഇങ്ങനെയും ഒരു സര്‍പ്രൈസ്, ആപ്പിള്‍ വാങ്ങിയപ്പോള്‍ കിട്ടിയത് ഐഫോണ്‍
ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് നിരന്തരം വാര്‍ത്തകള്‍ നമ്മള് കേള്‍ക്കാറുണ്ട്. ഓര്‍ഡര്‍ ചെയ്യുന്ന വസ്തുക്കള്‍ ആയിരിയ്ക്കില്ല പലപ്പോഴും നമുക്ക് ലഭിയ്ക്കുന്നത്. ഇപ്പോള്‍ ഓര്‍ഡര്‍ ചെയ്ത വസ്തുവിനൊപ്പം യുവാവിന് കിടിലന്‍ ഐഫോണ്‍ കിട്ടിയ വാര്‍ത്തയാണ് പുറത്ത് വരുന്നത്. നിക്ക് ജെയിംസ് എന്ന 50കാരനാണ് ആപ്പിള്‍ ഓര്‍ഡര്‍ ചെയ്തപ്പോള്‍ ഒപ്പം ഐഫോണും കിട്ടിയത്.
ടെസ്കോ ഷോപ്പിന്റെ ‘സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ട്സ്’ എന്ന ഓഫറിന്റെ ഭാഗമായാണ് നിക്കിന് ഐ ഫോണ്‍ ലഭിച്ചത്. നിക്ക് വീടിനടുത്തുള്ള ടെസ്കോ എക്സ്ട്രാ ഷോപ്പിലാണ് ആപ്പിള്‍ ഓര്‍ഡര്‍ ചെയ്തത്. ഓര്‍ഡര്‍ റെഡിയായി എന്ന് മെസേജ് വന്നപ്പോള്‍ ആപ്പിള്‍ വാങ്ങാന്‍ പോയതായിരുന്നു നിക്ക്. ആപ്പിള്‍ നിറച്ച കവര്‍ നല്കിയപ്പോള് ഒരു സര്‍പ്രൈസ് ഒളിപ്പിച്ചിട്ടുണ്ടെന്ന് ജീവനക്കാരി നിക്കിനെ അറിയിച്ചു. ഈസ്റ്റര്‍ അടുത്തിരുന്ന സമയം ആയതിനാല്‍ ഈസ്റ്റര്‍ എഗ്ഗ് ആയിരിക്കും സര്‍പ്രൈസ് എന്നാണ് നിക്ക് കരുതിയത്.
വീട്ടിലെത്തി കവര്‍ പരിശോധിച്ചപ്പോഴാണ് ഒരു ഐഫോണ്‍ എസ്.ഇ കണ്ടത്. ‘സൂപ്പര്‍ സബ്സ്റ്റിറ്റിയൂട്ട്സ്’ ഓഫറിന്റെ ഭാഗമായി ഐഫോണുകള്‍, എയര്‍പോഡുകള്‍, സാംസംഗ് ഡിവൈസുകള്‍ എന്നിവയാണ് ടെസ്കോ ഒരുക്കിയിരുന്നത്. ഇതില്‍ നിക്കിന് ഐഫോണാണ് ലഭിച്ചത്. ഓര്‍ഡര്‍ ചെയ്ത ആപ്പിള്‍ കഴിക്കുകയും അതേസമയത്ത് സമ്മാനമായി കിട്ടിയ ആപ്പിള്‍ ഐഫോണില്‍ സൈ്വപ് ചെയ്യാനും സാധിച്ച ലോകത്തെ ആദ്യ വ്യക്തിയാവും താന്‍ എന്നാണ് നിക്ക് ഈ ഭാഗ്യത്തെ കുറിച്ച് പറയുന്നത്.