കൊവിഡ് ഹെല്പ്പ്ലൈനില് വിളിച്ചപ്പോള്‍ ‘പോയി ചാകൂ’ എന്ന് പ്രതികരണം; യുപിയില്‍ വിവാദം
ലക്നൗ: രാജ്യത്ത് കൊവിഡ് കേസുകള്‍ പ്രതിദിനം വര്‍ധിച്ച് വരുന്നതോടെ ജനങ്ങള്‍ ഭീതിയിലാണ്. ഓരോ സംസ്ഥാനത്തും ആരോഗ്യ പ്രവര്‍ത്തകര്‍ അക്ഷീണം പ്രവര്‍ത്തിക്കുമ്പോള്‍, ഉത്തര്‍പ്രദേശില്‍ കൊവിഡ് ഹെല്പ്പ്ലൈനില് വിളിച്ച രോഗിയോടുള്ള പ്രതികരണം ഏറെ വിവാദമായി മാറിയിരിക്കുകയാണ്. സന്തോഷ് കുമാര്‍ സിംഗ് എന്നയാളും കൊവിഡ് കമാന്‍ഡ് സെന്ററിലെ പ്രതിനിധിയും തമ്മിലുള്ള 54 സെക്കന്‍ഡുകള്‍ നീളുന്ന ഫോണ്‍ സംഭാഷണമാണ് പുറത്ത് വന്നിട്ടുള്ളത്.
ഏപ്രില്‍ 10നാണ് സന്തോഷും ഭാര്യയും കൊവിഡ് പരിശോധന നടത്തുന്നത്. തുടര്‍ന്ന് അവര്‍ വീട്ടില്‍ തന്നെ ഐസോലേഷനില്‍ കഴിഞ്ഞു. ഏപ്രില്‍ 12ന് ഇരുവരും പോസിറ്റീവ് ആണെന്ന ഫലം പുറത്ത് വന്നു. ഇതിന് ശേഷമാണ് സന്തോഷ് കൊവിഡ് ഹെല്‍പ്പ്ലൈനുമായി ബന്ധപ്പെടുന്നത്. ഏപ്രില്‍ 15ന് രാവിലെ എട്ടേകാലോടെയാണ് ഹെല്പ്പ്ലൈനില് നിന്ന് സന്തോഷിനെ തിരികെ വിളിക്കുന്നത്.
വിട്ടില്‍ ഐസോലേഷനില്‍ കഴിയുന്നവര്‍ക്കുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തോ എന്നായിരുന്നു പ്രതിനിധി ചോദിച്ചത്. അങ്ങനെ ഒരു ആപ്പിനെ കുറിച്ച് അറിവില്ലെന്ന് സന്തോഷ് മറുപടി നല്‍കിയതോടെ ‘പോയി ചാകൂ’ എന്നാണ് ഹെല്പ്പ്ലൈന് പ്രതിനിധി പ്രതികരിച്ചതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ലക്നൗ ജില്ലാ മജിസ്ട്രേറ്റ് അഭിഷേക് പ്രകാശിനും വിഷയത്തെ കുറിച്ച് സന്തോഷ് കത്ത് എഴുതിയിട്ടുണ്ട്. ബിജെപി ലക്നൗ മഹാനഗര്‍ യൂണിറ്റിന്റെ മുന്‍ പ്രസിഡന്റായിരുന്നു സന്തോഷിന്റെ അച്ഛന് മനോഹര്‍ സിംഗ്.