തിരുവനന്തപുരത്തേക്കുളള പന്ത്രണ്ടോളം ഇടറോഡുകൾ തമിഴ്നാട് അടച്ചു; അതിർത്തിയിൽ കർശന പരിശോധന
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായതോടെ, തിരുവനന്തപുരത്ത് നിന്നുളള ഇടറോഡുകൾ തമിഴ്നാട് പൊലീസ് അടച്ചു. പാറശാല മുതൽ വെളളറട വരെയുളള സ്ഥലങ്ങളിൽ അതിർത്തിയിലേക്ക് കടക്കാൻ കഴിയുന്ന ഇടറോഡുകളാണ് തമിഴ്നാട് പൊലീസ് അടച്ചത്. പന്ത്രണ്ടോളം ഇടറോഡുകൾ അടച്ചതായാണ് വിവരം.കുളത്തൂർ പഞ്ചായത്തിലെ പൊഴിയൂർ, ഉച്ചക്കട, കാരക്കോണത്തിന് സമീപം കണ്ണുവാമൂട്, പനച്ചമൂട്, വെളളറട, അമ്പൂരി തുടങ്ങിയ ഇടങ്ങളിലെ റോഡുകളാണ് അടച്ചത്. കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്കുളള റോഡുകളും അടച്ചു. ഇ-പാസ് ഉളളവർക്ക് കളിയക്കാവിള ദേശീയപാത വഴി സഞ്ചരിക്കാമെന്ന് പൊലീസ് അറിയിച്ചു.അതിർത്തി അടച്ച വിഷയം തമിഴ്നാട് ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയിൽപെടുത്തുമെന്ന് ചീഫ് സെക്രട്ടറി വി പി ജോയ് പറഞ്ഞു. തമിഴ്നാട്ടിലേക്ക് കടക്കുന്നതിന് അതിർത്തിയിൽ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടതാണ്. കഴിഞ്ഞ കൊവിഡ് വ്യാപനകാലത്തും തമിഴ്നാട് തിരുവനന്തപുരത്തേക്കുളള റോഡുകൾ അടച്ചിരുന്നു.കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിലാണ് കൂടുതൽ ആളുകൾ തമിഴ്നാട്ടിലേക്ക് വരുന്നത് തടയാൻ തമിഴ്നാടിന്റെ നീക്കം. പരിശോധനയുളള വഴികളിൽ കൂടിയല്ലാതെ ആളുകൾ കടക്കുന്നത് തടയാനാണ് ഇടറോഡുകൾ അടച്ചതെന്നാണ് തമിഴ്നാട് വിശദീകരിക്കുന്നത്.അതേസമയം, കേരളത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നത് തുടരുകയാണ്. അടുത്ത രണ്ടാഴ്ചത്തെ പൊതുപരിപാടികൾ മുൻകൂറായി ജില്ലാ ഭരണകൂടത്തെ അറിയിക്കണം. പൊതുപരിപാടികളിൽ പരമാവധി 150 പേർക്ക് മാത്രമാണ് പങ്കെടുക്കാൻ അനുമതിയുളളത്. മാളുകളിൽ ഇന്ന് രാവിലെ മുതൽ ആളുകളുടെ എണ്ണം വളരെ കുറവാണ്. ഹോം ഡെലിവറി സംവിധാനം ഹോട്ടലുകൾ വിപുലപ്പെടുത്തിയിട്ടുണ്ട്. തീയേറ്ററുകളിലും ബാറുകളിലും നിലവിലുളള നിയന്ത്രണങ്ങൾ തന്നെ തുടരും.