മോട്ടോര്‍വാഹന വകുപ്പിന്റെ സേവനങ്ങളെല്ലാം ഇനി ഓണ്‍ലൈനില്‍ ; ഫിറ്റ്നസ് പരിശോധനയ്ക്കും മാത്രം ആര്.ടി ഓഫിസില്‍ പോയാല്‍ മതി
തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പില്‍ ഇനി എല്ലാം സുതാര്യം. വകുപ്പിനെ അഴിമതി മുക്തമാക്കാന്‍ എല്ലാ സേവനങ്ങളും ഓണ്െലെനിലേക്കു മാറുന്നു. പുതിയ പരിഷ്ക്കാരങ്ങള്‍ ഏറെയും ഇന്നലെ മുതല്‍ നിലവില്‍ വന്നു. ആര്.ടി. ഓഫീസുകളിലെ കൂടുതല്‍ സേവനങ്ങള്‍ അടുത്തയാഴ്ച മുതല്‍ ഓണ്‍ലൈനിലേക്ക് മാറുകയാണ്.
ഉടമസ്ഥാവകാശം മാറ്റം, ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്, ആര്.സി. ബുക്ക്, ഹൈപ്പോത്തിക്കേഷന്‍ റദ്ദാക്കല്‍, വിലാസം മാറ്റല്‍ ഉള്‍പ്പെടെ ഇനി ഓണ്‍ലൈനിലേക്ക് മാറും. ഡ്രൈവിംഗ് ടെസ്റ്റിനും 15 വര്‍ഷം കഴിഞ്ഞുള്ള വാഹന റജിസ്ട്രേഷന് പുതുക്കലിനു മുന്‍പുള്ള ഫിറ്റ്നസ് പരിശോധനയ്ക്കും മാത്രമാകും ആര്.ടി ഓഫിസില്‍ ഇനി നേരിട്ട് പോകേണ്ടിവരിക.
വാഹന രജിസ്ട്രേഷനായി ആര്.ടി. ഓഫീസ് കയറിയിറങ്ങേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. പുതിയ വാഹനങ്ങള്‍ക്കുള്ള താല്‍ക്കാലിക രജിസ്ട്രേഷന് നമ്പര്‍ ഇനി മുതല്‍ ഉണ്ടാകില്ല. ഡീലറുടെ അടുത്തുനിന്നുതന്നെ പുതിയ നമ്പര്‍ കിട്ടും. ഉടമയ്ക്ക് ഇഷ്ടമുള്ള നമ്പര്‍ വേണമെങ്കില്‍ ഡീലര്‍ തന്നെ ഇതിനും ഓണ്‍ലൈന്‍ വഴി പണം അടച്ച് പ്രത്യേക അപേക്ഷ നല്‍കും. ഫാന്‍സി നമ്പര്‍ വേണമെങ്കില്‍ അപക്ഷയോടൊപ്പം താല്പര്യപത്രം നല്‍കണം.
ഈ വിവരം ഡീലര്‍ സോഫ്റ്റ്വെയറില് ഉള്‍പ്പെടുത്തും. ഈ വിവരം അന്നുതന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് ലഭിക്കും. ഇത്തരം വാഹനങ്ങള്‍ക്ക് താല്‍ക്കാലിക രജിസ്ട്രേഷന് അനുവദിക്കും. ഫാന്‍സി നമ്പര്‍ ലഭിക്കുകയും അതിസുരക്ഷ നമ്പര്‍ പ്ലേറ്റ് വാഹനങ്ങളില്‍ ഘടിപ്പിക്കുകയും ചെയ്ത ശേഷമേ വാഹനം ഉടമയ്ക്ക് നല്‍കൂ.
ഡീലര്‍ നേരിട്ട് പരിവാഹന്‍ എന്ന മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്െസെറ്റില്‍ ഓണ്‍ലൈനായി രേഖകള്‍ സമര്‍പ്പിക്കും. ഇവിടെ വാങ്ങി മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചേയ്യേണ്ട വാഹനങ്ങള്‍ക്കും ബോഡി നിര്‍മാണം നടത്തേണ്ട വാഹനങ്ങള്‍ക്കും മാത്രമേ ഇനി താല്‍ക്കാലിക രജിസ്ട്രേഷനുള്ളൂ. ഇപ്പോള്‍ വാഹനം വാങ്ങുന്നയാളിന്റെ പേരും വിലാസവും രേഖപ്പെടുത്താന്‍ മാത്രമാണ് ഡീലര്‍ഷിപ്പുകള്‍ക്ക് അനുമതിയുള്ളത്.
മറ്റുള്ള വിവരങ്ങള്‍ വാഹന നിര്‍മാതാക്കള്‍തന്നെ വെബ്സൈറ്റില്‍ രേഖപ്പെടുത്തും. അതുകൊണ്ടുതന്നെ വാഹനത്തിന്റെ നിര്‍മാണത്തീയതി, മോഡല്‍, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവയിലൊന്നും മാറ്റംവരുത്താന്‍ സാധിക്കില്ല. എന്നാല്‍ ഷാസി വാങ്ങിയ ശേഷം ബോഡി നിര്‍മിക്കേണ്ടി വരുന്ന ബസ്, ലോറി പോലെയുള്ള വാഹനങ്ങള്‍ ഇപ്പോഴുള്ളതു പോലെ പോലെ ആര്.ടി ഓഫീസില്‍ എത്തേണ്ടിവരും. ഷാസിക്കുമാത്രമാണ് താല്‍ക്കാലിക പെര്‍മിറ്റ് നല്‍കുന്നത് എന്നതിനാല്‍ ഇവ ആര്‍ടി ഓഫിസില്‍ കൊണ്ടുവരണം.
ഓണ്‍ലൈനില്‍ രേഖകള്‍ നല്കുമ്പോള് വ്യാജ വിവരങ്ങളോ നല്കിയാല് 10 വര്‍ഷത്തെ നികുതി ഡീലര്‍ അടയ്ക്കണമെന്നതാണ് ശിക്ഷ. 15 വര്‍ഷത്തെ നികുതി ഉടമ അടയ്ക്കുന്നതിനു പുറമേയാണ് ഈ അധിക പിഴ നികുതി ഡീലറില്‍ നിന്നും ഈടാക്കുക. സ്ഥിരം രജിസ്ട്രേഷനുവേണ്ടിയുള്ള അപേക്ഷകള്‍ സൂക്ഷ്മ പരിശോധനക്കു ശേഷമേ ഡീലര്‍മാര്‍ പരിവാഹന്‍ വഴി അപ്രൂവ് ചെയ്യാന്‍ പാടുള്ളൂ. ഗുരുതര പിഴവുകളുള്ള അപേക്ഷകള്‍ രജിസ്ട്രേഷനു വേണ്ടി മനഃപൂര്‍വം അപേക്ഷിച്ചാല്‍ ആ വാഹനത്തിന്റെ 10 വര്‍ഷത്തെ നികുതിക്ക് തുല്യമായ തുക പിഴയായി ഡീലറില്‍നിന്ന് ഈടാക്കും.
ഡീലര്‍ അപ്ലോഡ് ചെയ്യുന്ന വാഹനവിവരങ്ങള്‍ ഉടന്‍ ബന്ധപ്പെട്ട അസി. മേേട്ടാര് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ക്ക് ലഭിക്കും. ഓരോ ദിവസവും വൈകിട്ട് നാലുവരെ ലഭിക്കുന്ന അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി അതത് ദിവസം തന്നെ നമ്പര്‍ അനുവദിക്കണം. പരിശോധനയില്‍ എന്തെങ്കിലും കുറവുകള്‍ കണ്ടെത്തിയാല്‍ ആ വിവരം രേഖപ്പെടുത്തിയ ശേഷമേ അപേക്ഷകള്‍ മാറ്റിവയ്ക്കാവൂ എന്നും സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.