അരിമുതല്‍ ഇറച്ചിവരെ ഒറ്റക്ലിക്കില്‍ ഇനി വീട്ടിലെത്തും;ഏകീകൃത വെബ് പോര്‍ട്ടല്‍ ഒരുക്കി സര്‍ക്കാര്‍
കാസർകോട് :സംസ്ഥനത്ത് അരിമുതല്‍ ഇറച്ചിവരെ ഒറ്റക്ലിക്കില്‍ ഇനി വീട്ടിലെത്തും. പലവ്യഞ്ജനങ്ങളും പച്ചക്കറിയും മീനും ഇറച്ചിയുമെല്ലാം വീട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നേതൃത്വത്തില്‍ ഏകീകൃത വെബ് പോര്‍ട്ടല്‍ ഒരുങ്ങുകയാണ്. അവശ്യസാധനങ്ങളുടെ വിതരണം ഒരു കുടക്കീഴിലാക്കാനുള്ള ചുമതല സപ്ലൈകോയ്ക്കാണ്.
സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ക്കു പുറമെ ഹോര്‍ട്ടികോര്‍പ് മുഖേന പച്ചക്കറിയും മത്സ്യഫെഡ് മുഖേന മത്സ്യവും കെപ്കോ മുഖേന കോഴിയിറച്ചിയും ഓണ്‍ലൈനായി വീട്ടുപടിക്കല്‍ എത്തിക്കും.
സപ്ലൈകോ, ഹോര്‍ട്ടികോര്‍പ്, മത്സ്യഫെഡ്, കെപ്കോ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങളെ ഏകോപിപ്പിച്ച് നിത്യോപയോഗ സാധനങ്ങള്‍ വീടുകളില്‍ എത്തിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുക്കണമെന്ന് ചീഫ് സൈക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് കോര്‍ ഗ്രൂപ്പ് യോഗം നിര്‍ദേശിച്ചിരുന്നു.
ഇതേത്തുടര്‍ന്ന് ഈ സ്ഥാപനങ്ങളുടെ എംഡിമാരുടെ യോഗം കഴിഞ്ഞ ദിവസം ചേര്‍ന്നു. സപ്ലൈകോയ്ക്ക് നിലവിലുള്ള ഓണ്‍ലൈന്‍ ഡെലിവറി പരിഷ്കരിച്ച് ഏകീകൃത പോര്‍ട്ടല്‍ സജ്ജമാക്കും.ആദ്യഘട്ടത്തില്‍ ഒരാഴ്ചയ്ക്കകം തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ ഡെലിവറി ആരംഭിക്കുമെന്ന് സപ്ലൈകോ സിഎംഡി അലി അസ്ഗര്‍ പാഷ പറഞ്ഞു. ഇത് വിജയകരമായാല്‍ വൈകാതെ മറ്റ് ജില്ലകളിലേക്കും ഓണ്‍ലൈന്‍ ഡെലിവറി സൗകര്യമൊരുക്കും. പദ്ധതി ഏകോപിപ്പിക്കുന്നതിന് നോഡല്‍ ഓഫീസറെ നിയമിച്ചിട്ടുണ്ട്.